Sunday, 26 February 2017

രാപ്പകൽ 27-2-2017
---------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------------
"മൃതമണ്ഡം ബ്രഹ്മാണ്ഡം
ജീവയതി ഇതി മാർത്താണ്ഡ:"
ഋഷിയുടെ വചനമധു
മഷിയുണങ്ങാതെ!

വിലസുന്നിതേ നീല-
മാകാശകോശ-
വിഭ്രാന്തി;
അഹോരാത്രം
തിരിയുന്നു ഭൂ;
സമയമിഥ്യയുടെ
രാപ്പകൽചുരുളഴിയുന്നിതേ!

സ്വയമതിൻ താളമായെൻ
ഹൃദയഗ്രന്ഥിതൻ
സ്വരലയമുണർത്തുന്നു
നിത്യനിരന്തമാം
ചിത്തം;
നിരഞ്ജനം
രാഗനീരാജനം!

2.
സത്യമേ!
നിത്യമേ!
നീയറിയുന്നീല!
ഈ ഭ്രമണചക്രമുണർത്തുമീ-
മാരീചലീല;
വൈദേഹിയെ
മോഹാന്ധ്യകൂപത്തി-
ലാഴ്ത്തിയ
കാമന!

3.
 ജ്വലനമാളുന്നു നീ;
നിത്യം  നിരന്തരം
നിന്നിലെ വെളിച്ചം
സനാതനമല്ലയോ!
മാമുനിയന്നെ
പറഞ്ഞുവല്ലോയിനി-
യൊന്നും പറയുവാനില്ല;
പറയുകിൽത്തന്നെ
യതാവർത്തനം; വൃഥാ!
രാപ്പകലെന്ന പോൽ!

4.
എരിയുന്നു സൂര്യൻ;
തിരിയുന്നു ഞാൻ സ്വയം;
നേരമാം
നാരദവിനോദം
തുടരുന്നു നിർഭരം!
--------------------------------------------------------
രാപ്പകൽ
27-2-17
dr.k.g.balakrishnan Amazon.com Author
------------------------------------------------------------  

 
 






 











 

Friday, 24 February 2017

കണ്ടുണ്ണി 25 -2 -2017
----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------

മണ്ടശ്ശിരോമണി കണ്ടുണ്ണിയിന്നൊരു
ഗുണ്ടാത്തലവനാണത്രെ;
ക്വട്ടേഷനേതു-
മറുകാതറിയാതെ
ചിട്ടയായ് മെനയുന്ന വീരൻ!

നാട്ടിലും കാട്ടിലും കാറ്റായി വീശുന്ന
പാട്ടിലും പാട്ടിലെയാട്ടക്കഥയിലും
റോട്ടിലും റോട്ടിലെ ബൈക്കിലും,
ഷാപ്പിലും
ഷാപ്പിലെ
കൂട്ടുകാർക്കൊപ്പവും
മേലെയധികാരഗർവിനും
ഗർവിനു-
മേലേ പറക്കുന്ന  കഴുകൻ!

2.
കഴുകനു
നീലവിശാലം
വിശുദ്ധമാമാകാശ-
ചാരുത
നീളെപ്പതിച്ചു
ചിരകാലമാം പാരി-
തോഷികം
പാട്ടക്കരാറിൽ പൊതിഞ്ഞതി-
വിദഗ്ദ്ധമായ്
ഗോപ്യവ്യഭിചാരമായരുളുന്ന
രക്ഷകൻ;
(തക്ഷകൻ)

3.
നീതിനിയമസുസംഹിത
പാടെ -
യഗാധമാ-
മന്ധകാരത്തി-
ലനാഥശവമെന്നപോൽ
മൂടുവോൻ.

4.
മുടിചൂടാമന്നന്
കുട
ചൂടും  പടയുടെ
പടയണിത്തെയ്യമായ്
പതിനെട്ടു പടികേറി
അയ്യനെ നമിക്കുവാ-
നടവു പതിനെട്ടും
പൂഴിക്കടവനും
 മാറി
മാറി
പ്പയറ്റുവോൻ!


5.
പറയുവാനിയുണ്ട്
കണ്ടുണ്ണിയെപ്പറ്റി
നിറനിറയെ
ആയിരം പറയുണ്ട്
പാടുവാൻ;
പെയ്യുവാൻ മഴയില്ല;
നെയ്യുവാനിഴയില്ല;
പയ്യിന് പാലില്ല
കൊയ്യുവാൻ നിലമില്ല;
കണ്ടുണ്ണിക്കോ മൂക്കു-
കയറില്ല;
കാളുന്ന വേന-
ലെന്നുള്ളിലും
വാനിലും!
------------------------------------------
കണ്ടുണ്ണി 25-2-17
poet dr.k.g.balakrishnan
Amazon.com Author
---------------------------------------------














Thursday, 16 February 2017

മേരാ ഭാരത് മഹാൻ! 16-2-17

-----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------
ഭാരതപ്പെരുമ നൂറിരട്ടിയായ്-
ത്തീരുമിപ്പുലരി;
നീലവാനിൽ നിൻ
പുത്രരാർന്ന നവ-
വിശ്വവിജയമധുവരുളുമീ ലഹരി-
യെത്ര ചിത്രമിതു ചൈത്രമേ!

സുപ്രഭാതമിതു സത്യസാഗരം
നിത്യവും തുഴഞ്ഞെത്തിടും
ഭാസ്കരൻ, സകലജീവജാലചിര-
രക്ഷകൻ, പുതുവെളിച്ചവും
മധുരവും വിതറി
പ്രാചി തൻ പെരുമ
വ്യോമസീമകളിൽ
വാരി വാരി വിതറുന്നിതേ!

ആയിരം മലർ വിരിഞ്ഞുവോ മന-
സരോവരത്തിൽ; മണിമേടയി-
ലായിരം തിരി തെളിഞ്ഞുവോ സകല-
രാഗവും കവികൾ മൂളിയോ
ആയിരം നടനമാടിയോ
കുളിരണിഞ്ഞുവോ
വനലതാദിക-
ളായിരം കുഴലൂതിയോ ഗാന-
കോകിലം മലയമാരുതൻ!
=======================================
മേരാ ഭാരത് മഹാൻ!
16-2-2017
Indian Poet dr.k.g.balakrishnan
Amazon.com Author
---------------------------------------------------------------------













    

Wednesday, 15 February 2017

അലാതചക്രം  15 -2-2017
------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------------

ഈ നീലവാനം
സ്നിഗ്ദ്ധം മൃദുരാഗസുരഭിലം;
മന്ദ്രമധുരം സ്വരലയം.

തുടക്കമൊടുക്കവു-
മൊരുബിന്ദുവി-
ലൊടുങ്ങും ചിരം;
നിറമാലതീർക്കും
പ്രതിനിമിഷം നവം
പ്രതിസ്പന്ദം.

ചലനം കാലം പ്രഭാവലയം;
മഹാപ്രപഞ്ചം;
നിലയം;
നിത്യസുഭഗം;
വിസ്മയം;
പ്രഥമം സാംഖ്യം കപിലദർശനം!

സ്വയംഭൂ സർവ്വം;
ഗതിവിഗതികളനിവാര്യം;
പൂർണം പരിപൂർണം;
ചലനമിതുമാത്രം നിത്യസത്യം!

പ്രയാണമൊന്നിൽനിന്നൊന്നിലേ-
ക്കൊന്നായി നിമിഷനിമിഷാംശമാ-
യില്ലായ്മയോളമില്ലായ്മയല്ലാതെ;
ഇല്ലായ്മയാകാതെ
എന്നുണ്മയായ്;
അനുഭൂതിയായ്;
കേവലം.

വൃത്തം;
നിമിഷ-
മിതിന്നെന്ന തോന്നൽ;
ഇന്നലെ നാളെയുടെ
വേഷപ്പകർച്ചയാ-
യിന്നിൻ പുനർജ്ജനി
നൂഴുന്നു; നേരമുണരുന്നു;
കാലമായ് വാഴുന്നു
കാലമാം വൃത്തമാവർത്തം;
അലാതചക്ര-
മസ്പൃഷ്ട-
മതിരമണീയം.
--------------------------------------------------------
അലാതചക്രം 16-2-2017
dr.k.g.balakrishnan Indan Poet
Amazon.com Author
---------------------------------------------------------  










 












Monday, 13 February 2017

മാ    14-2-2017
-------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------

എന്നമ്മയെപ്പറ്റി-
പ്പാടുവാനെന്തിനീ-
യിന്നുകൾ നെയ്യു-
മപശ്രുതി?
ഇന്നലെ

കാലത്തിനപ്പുറം,
കാലമില്ലാക്കാല-
ലീലാവിലാസ-
മമേയമനുപമം

കാലമളവുകോൽ
കാണാ കൃതം,
സത്യയുഗ-
സമസ്യകൾക്കപ്പുറം,
ധന്യമാ-
മാത്മസാധനയിലാണ്ടു
ഋഷിപുംഗവ-
നാർജിച്ച രാഗസുധ

തീർക്കാനിവിനുറവയായ്, 
എന്നിലെ നേരറിവിൻ
നിറനിറവാം
നിത്യസംഗീതം,

സ്വരധാരാവിശേഷലയമാ-
യുയിരായുണരവേ!


2.
പാലപൂക്കുന്നു പരിമളം വീശുന്നു;
നീലവാനിൽ നിനവായ് നിലാനിള.

കാലകോമരം തുള്ളിക്കലികൊണ്ടു
ജാലലീലകളാടുന്നു; മായ്ക്കുന്നു
വേലനെഴുതിയ വേലക്കകളം;മേള-
താളമൊപ്പം മുറുകുന്നു; പഞ്ചമം.

3
ഇനിയുമെന്നമ്മ പാടും നിരന്തരം
തനിമയാർന്ന മിഴി തൂവും
മലരൊളി!
ഉള്ളിൽ
ഉണ്മയായാകാശവീഥിയിൽ
വെണ്മയായെഴും
നിത്യനീലനിരാമയസുരഭിലം
ചിത്രഭാവം;
നിരാകാരനിർമ്മലം!

ആദിയന്തമെഴാ സുരഗംഗയാം
ഭൂതി; തീരാത്തിര;
മണിശംഖൊലി!
-------------------------------------------------------------
 മാ
indian poet dr.k.g.balakrishnan
amazon.com author 15-2-2017
----------------------------------------------------------------








 












 



Sunday, 12 February 2017


അതുല്യം
13-2-2017
-------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------

എന്തേ
അഞ്ചായി പൂ വിരിഞ്ഞു;  
ഋഷി-
ചിന്തയിൽ തിങ്കളുദിച്ചുയർന്നു!

നൂറായി തിന്മകളങ്കുരിച്ചു; കാവ്യ-
മൂറവെ,
ഒരായിരം
വർണവിവർണങ്ങൾ
മോദവിമോദങ്ങൾ;
ആടുന്ന വേദികൾ
തീർക്കും മനം കുരു-
ക്ഷേത്രമായ്;
കേശവൻ
പാർത്ഥ-
സാരഥ്യമലങ്കരിച്ചു!

അർജ്ജുനവിഷാദമകറ്റുവാൻ
സൗവർണ്ണനൂലിൽ
നവരത്നമാലയാർന്നു!
വാത്സല്യമോലും വചനങ്ങളിൽ
ഗുഡാകേശനിൽ 
ജ്ഞാനമധു പകർന്നു!

2
സദ്ഗുണമഞ്ചിനു പോരാടുവാൻ
നൂറു
ദുര്ഗുണമെന്നും;
അറിവിന് മറവായൊരായിരം
യവനിക;
അറിയുന്നു
ഭാരതഋഷിയുടെ യതുല്യത!

3
ഈ ധർമ്മയുദ്ധം തുടരുന്നു;
ആർഷഭൂ-
വെന്നുമതിൻ നിത്യ-
നാദമുദ്ഘോഷണ-
വേദി;
വേദാന്തവും വേദവും
ഗീതയു-
മാ ദിവ്യ-
മന്ത്രസമുച്ചയം;
തന്ത്രസമുച്ഛയം

4.
അമ്മേ!
പ്രണമിച്ചിടട്ടെ! ഞാ-
നീ ദിവ്യ-
ഗർഭത്തിലിടമേകി;

മലർകാറ്റുമമൃത-
മാധുര്യവും
സുകൃതവും
ഋഷിപത്നി സൂക്ഷിച്ച
ത്രേതാഗ്നിയുമെനി-
ക്കിന്നായ്
നാളെയായെന്നുമായ്
നീ
കനിഞ്ഞരുളിയല്ലോ!
---------------------------------------------
അതുല്യം 13-2-17
indian poet dr.k.g.balakrishnan
Amazon.com Author
(A poem from BHARATHAGEETHAM vol.2(Malayalam poems)
to be published immediately from USA worldwide
by Amazon.com)