Sunday, 12 February 2017

ഇപ്പൂവ്  12-2-2017
-------------------------------- ---------
ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------
മലരൊളി തൂവുന്നു
മുറ്റത്തെ
മൂവാണ്ടൻ;
മലയാളി
മണവാളനെപ്പോലെ-
കനകക്കസവു-
കൈത്തറിമുണ്ട്;
മേൽമുണ്ട്;
നിറചന്ദനക്കുറി;
മകരമാസം!

പകലവൻ പതിവുപോൽ
സുഭഗനായ്
പ്രത്യക്ഷനാകുന്നു;
പുതുരാഗമിയലും
മധുരവും 
വെണ്മയുമിളവെയിൽ-
ക്കുമ്പിളിൽ
തിരുനറുതീർത്ഥവും!

അരുണാഭ തിരളുന്ന
ചാരുകടാക്ഷവും;
ധരണിയിൽ ജീവന്
നിറവൈഭവങ്ങളും
നവനവസൗന്ദര്യ-
ലഹരിയും

പൂമണമിയിലും
മൃദുമാരുതൻ കാതിൽ
മൂളുന്ന
താരണിച്ചിന്തിൻ കിലുക്കവും!

അന്ന് കവി വർണിച്ച
കണ്വാശ്രമത്തിൽ
 മുനികന്യക
അർഘ്യപാദ്യാദികൾ
പ്രതിനിമിഷമർപ്പിച്ചു
വന്ദിച്ച  
മാകന്ദ-
മെന്നങ്കണവാടിയിൽ-
പ്പുനർജന്മമാർന്നുവോ,
മമ മാതൃപുണ്യമേ!

ഉള്ളിലുണരും
തിരുമധുരമാമരുളുകൾ
പ്രതിനിമിഷമാനന്ദ-
ധാരാമൃതം
ചൊരിയുമറിവിൻ
പ്രഭാമയം;
പ്രാചിയിൽ
ദിനകരസുഗതനായ്!
അറിവിനറിവായ്‌;
അനന്തമായ്;
സ്പന്ദലയചക്രമായ്;
സമയമവിരാമമായ്!

2.
ഈ നിമിഷമായുണരുമിന്നായ്;
ഇന്ന് വിരിയും
(വിരിയുന്ന)
ഇപ്പൂവ്!

തിരിയുന്നു നേര-
മൊഴുകുന്നു; നീയോ
മുഴുകുന്നു;
നിന്നിൽ;
മിഴിവായ്
നിറയുന്നു നിറവായ്;നിറമായ്;
നിറമെഴാ നിനവായ്!
---------------------------------------------------
ഇപ്പൂവ്
12-2-2017
dr.k.g.balakrishnan poet
Amazon.com Author
----------------------------------------------------

































Thursday, 9 February 2017

വനജ്യോത്സ്ന 9-2-2017
---------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------
പൂനിലാവിഴയിളകുന്നുവോ
വാനി-
ലൊരു കിനാത്താരമുണരുന്നുവോ,
കാതി-
ലമരഗീതം ചൊരിയുന്നുവോ,
മനം കവരുന്നുവോ, കുളിരുന്നുവോ-
യിളം-
കാറ്റിലളകങ്ങൾ
മൂളുന്നുവോ!

സുരസുഗന്ധം നുകരുന്നുവോ,
മനം;
ചിരവസന്തം പുണരുന്നുവോ;
വിരൽ
കനകതമ്പുരു മീട്ടുന്നുവോ;
മലർ വിരിയുന്നുവോ,
 കരളിൽ രാഗം കിനിയുന്നുവോ,
മിഴി നനയുന്നുവോ!

2.
അറിവിനാനന്ദമൂറുന്നുവോ,.
വിണ്ണിൽ
കിളികൾ പാടിപ്പറക്കുന്നുവോ.
മണ്ണിൽ മാമഴ പൊഴിയുന്നുവോ.
കണ്ണിൽ പൊന്നൊളി തെളിയുന്നുവോ!

3.
കാതിൽ തേരൊലി തിരളുന്നുവോ,
പാതിരാക്കാറ്റ്  തഴുകുന്നുവോ,
മുരളിയിൽ
കണ്ണനൂതുന്നുവോ,
തരളസംഗീതമോലുന്നുവോ!

4.
ഇവിടെയെൻ  വനജ്യോത്സ്ന പൂക്കുന്നുവോ!
കവിതയായ് വാനിൽ മിഴി തുറക്കുന്നുവോ!
--------------------------------------------------------------------------
വനജ്യോത്സ്ന 9-2-2017
dr.k.g.balakrishnan amazon.com author
------------------------------------------------------------------------












 


  

Tuesday, 7 February 2017

ഏഴിനാഴം  8-2-2017
===============================
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------------

അറിവിനാഴ-
മറിയുവാനാവാതെ;
പൊരിയുമെന്നുള്ളിനൊരു
സമാധാനമരുളുമീ
വിരൽ-
ത്തുമ്പിലുണരും വിരുത്;
ഈ മലർത്തെന്നൽ തൂവും
സുഖസാന്ദ്രസാന്ത്വനം!

ചായമായിരമാസ്വദിച്ചു നിൻ
ഛായമാത്രമത്!
സത്യസാഗരമെത്ര
ചിത്രമറിവീല
 നിത്യമേ!

ഈ വിലാസലഹരിയിൽ നീന്തവേ
"ആഴിതന്നാഴ" മറിയുവതെങ്ങനെ!

"ആഴിയാഴമറിയുകിലറിവാ-
മാഴിയിൽ"
മന "മാഴിയേനെ"
മുത്തു വാരിയേനെ-
യിരുളാറിയേനെ;
പൊരുളൂറിയേനെ!

കാലമെത്ര കൊഴിഞ്ഞു!
നീ നിലാജാലമായ്
നിലകൊൾകയല്ലയോ!

എത്രയെത്ര കളിയാടി കൗതുകം
ചിത്രമെത്ര
നിറമാർന്നു;
വാണി തൻ
ചിത്രവീണയിൽ
സുരാഗമെത്ര
പൊൻവീചി തീർത്തു!

പിന്നെയും
രാഗധാര;
സുര-
ഗംഗയായി
നിറമാലയായി
യനുസ്യൂതിയായി
ചെഞ്ചായമായി!

മലർ
തൂവുമെന്നുള്ളി-
ലഞ്ചിനാൽ
സകലഭാവവും;
പക്ഷെ-
ഒരു
മധുരമന്ത്രണമിതാരുടെ!

2.
ഇനിയുമെത്രയറിയാനിറങ്ങൾ! നിറ-
മാളിടാ നിറവൈഭവങ്ങൾ!
നിലയാളിടാ;
അലയാഴി;
മാമുനി പറഞ്ഞൊരായിരം
കഥകൾ;
അറിവതൊന്നിപ്പൊഴും
ഹൃദയഗ്രന്ഥിയായ്!

മിഴിയിലുൾമിഴിയു-
മേഴിനാഴമായ്!
=====================================
എഴിനാഴം
-------------------------------------------------------------=

ഡോ കെ ജി ബാലകൃഷ്ണൻ 
Amazon.com Author 8-2-2017
-----------------------------------------------------------------

  
 
















 



 






 

Saturday, 4 February 2017

കോശം 5- 2 - 2017
-----------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------

പുഴയൊഴുകുന്നു;
ഇന്നലെ
പൊഴിഞ്ഞുപോ-
മളവിലൊരു തെന്നലിൻ
കളകളമിതൾമയ-
മൂതും
ഞൊടിയുടെ
തിളക്കമാർന്നുതിരും
മലർപ്പൊടിയണുവിൻ
മിനുക്കമായ്;
ചെറുവിരലനക്കമായ്!

ഇന്നെന്ന
തോന്നലുണരുമ്പൊഴേ-
യീരേഴു
പതമാർന്ന
മതിയാർന്ന,
ശ്രുതിയാർന്ന
നിറമാർന്ന
നാളെയുടെ
ഉത്സവം!

മേളത്തുടക്കം;
മുറുകുന്നതിൻ മുന്നെ
ജാലപ്പെരുക്കം;
തിരയൊടുങ്ങുന്നുവോ!
ഇന്നലെയാമാഴമേറുമനന്തമാ-
മാഴിയിലാഴുന്നു;
നേരം പിറക്കുന്നു
കാലം കനക്കുന്നു;
നീലമാമാകാശകോശം
ജനിക്കുന്നു;
ഞാനെന്ന നേരിൽ
ലയിക്കുന്നു.

പിന്നെയും പിന്നെയും
പാണനാർ പാടുന്നു!
പുഴയുടെ താളം;
നീളത്തിൽ നീളുന്നു;
വൃത്തം ചമയ്ക്കുന്നു!
----------------------------------------------
കോശം 5 / 2 / 2017
Indian poet dr.k.g.balakrishnan
Amazon.com Author
-----------------------------------------------  


 



  
 
    



Sunday, 29 January 2017

ഇന്ന് ജനുവരി മുപ്പത്  30 -1 -2017
----------------------------------- ------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------

ഒരു കുഞ്ഞുകാറ്റെന്റെ
കാതിലോതുന്നുവോ,
കഥയെഴാക്കഥയുടെ
കഥ!

അത്
നിറമെഴാ
നിറമാർന്ന ചോരക്കറയുടെ;
മണമെഴാ മണമിന്നു-
മുയിരിൽ-
ത്തികട്ടുന്ന;
തീരാ വ്യഥയുടെ,
ചതിയുടെ
കൃതഘ്നത!

എരിതീയ്യി-
ലെന്നെ-
യെൻ
നേരിനെ
നിരന്തരം
നുണയുടെ കരിന്തിരി
കറുകറെ കരിക്കും,
കണ്ണുനീർച്ചാൽപ്പാട്
തീർക്കുമോർമ്മകഥ!

2

ജനുവരി മുപ്പതി-
നാവത്തനം
എത്ര
എത്രയോ കണ്ടു,
(കാണുന്നു)
നാം
നിത്യം.

3.

ഭരതഭൂമിയി-
ലിന്നും മുഴങ്ങുന്ന
പാഞ്ചജന്യധ്വനി;
നിത്യസത്യത്തിൻ
പ്രഘോഷണം;
മാമുനി തെളീച്ച
കെടാവിളക്കിൻ
ദ്യുതി;
കവിയെൻ കിനാവി-
ന്നടരുകളിൽ;
സ്നേഹമന്ത്രമായ്;
ജ്വാലയായ്!

അമ്മേ!
ഇതെൻ വിധി!

4
എന്നും
മിഴിത്തുമ്പിൽ
നീർ കിനിയുമളവിൽ
നിൻ
മൃദുമൃദുകരസ്പർശ-
മരുളുമിതൾ മയം;
പൂനിലാക്കനിവായി;
ആൽമരത്തണലായി;
"ഓമനത്തിങ്കൾക്കിടാവി"-
നുറങ്ങുവാൻ
താമരത്താരാട്ടു പാട്ടായി;
നെഞ്ചിൽ വിരിഞ്ഞ
പൂമ്പട്ടുകിടക്കയാ-
യേഴുനിലയെഴും
മാളികച്ചേലായി!

5.
മൂളുന്നു പിന്നെയും
പിന്നെയും,
കാതിൽ മന്ത്രധ്വനി;
കാളുന്നു കാട്ടുതീ;
ചുടുമണൽപ്പാതകൾ;
കനലെരിയും മരു-
മേടുകൾ; കത്തുന്നു
ഖണ്ഡവം; വറ്റിവരളുന്നു;
നേരും നെറിവും
ചുരത്തും
അകിടുകൾ;
മാനസസരോവരം;
ആയിരമാണ്ടു തപമാളിലും;
ശാപ-
(പാപവു )മാറാ
നിറയൊഴിവിൻ ഭീതി
മാറാതെയെങ്ങൾ!

ഇത് വിധി.

എന്നാൽ
മാതേ!
സനാതനധർമ്മം;
ഇതെങ്ങനെ

മണ്ണിൽ -
ഭുവനേശ്വരി!
നിന്നുദരത്തിൽ നി-
ന്നുണരാതിരിക്കുവാൻ!

6.
രാപ്പകലിനിയും തിരിയും
തിര തീർക്കും;
തിരയൊഴിപ്പിന്നന്ത്യമാകും;
എന്നമ്മ തന്നുദരമിനിയും
കനിയും;
മനമിയുമലിയും!

ഋഷിജനനമിനിയും
തുടരും!  
---------------------------------------------------    
  










 









  
കാലമുറങ്ങും കാലം 29 - 1-2017
--------------------------------------------------
ഡോ കെ ജി ബാലകൃഷ്‌ണൻ
-----------------------------------------------------

ഹൃദയമിടിപ്പിൻ
സ്വരലയമല്ലോ,
സമയം.

രമണൻ-
ഇടയൻ-
പ്രണയവിലോലം
കനകമുരളികയൂതും
രാഗസുരഭിലഗീതം
കാലം!

2.
ഒരു നൊടിയിട പോലു-
മിതുവരെയൊന്നു
മയങ്ങാ നേരംസ്വരൂപം ;നേരം
മിഴിയിണ മിഴിയും
പണമിടയോളം
തങ്കം താമരയിതളിൽ
വരയും ബിന്ദുവുണർത്തും
ധ്വനിയിലുറങ്ങും നേരം;
അണുവിട മുറിയാ ധാര;
വിശേഷാൽ
മധുവിധുനിമിഷം
മായാലീലകളാടും
നേരം;
ജനിമൃതിജനിമൃതി
വൃത്താകാരസ്വരൂപം
തീർക്കും നേരം;
സത്യമസത്യം
കാനൽജലഭ്രമമെന്നിൽ
വെറുതെ വെറുതെ
മായാമൃഗതൃഷ്ണ രചിക്കും
കാല മുറങ്ങാകാലം!

3.
പക്ഷെ!
ഇതു കലികാലം;
കാലമുറങ്ങും കാലം!
---------------------------------------------------
കാലമുറങ്ങും കാലം
29 -1 -2017
--------------------------------------------------
 




 


Friday, 27 January 2017

*പൂവഴക് 28 /12/17
---------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------

സത്യമേ!
നിരന്തര-
നിത്യമായുണരുന്ന
ചിത്രമേ! സൗഗന്ധിക-
പുഷ്പമേ! സനാതന-
ധർമമേ!
പ്രഭാതമേ!

നിന്തിരുമിഴിപ്പൂവിൻ
കൺതുറവിനെയല്ലോ
പന്തിരുകുലമെങ്ങ-
ളിന്ദിരാതനയന്മാർ
ചിന്തയിൽ നിറതീയിൽ
നീറ്റി പൊൻചിദാകാശ-
മന്ദിരമണിച്ചെപ്പിൽ
ശ്രുതിയായ് സൂക്ഷിക്കുന്നു!

ഇന്നലെയിന്നായ് മണി-
മന്ദിരകവാടത്തിൽ
സുന്ദരനിമിഷമെ-
ന്നുൾമിഴി തുറക്കവേ
ആയിരം കിനാവുക-
ളറിവാം വിളക്കിന്റെ
കോവിലിൽ നിറമാല
തീർപ്പതെ സാക്ഷാത്കാരം!

അറിവിന്നലയാഴി-
ത്തിരയല്ലെയോ
ഉള്ളിൽ
മിഴിയായ് മിഴിവായും
മൊഴിവായ്ത്തുടിക്കുന്നു!

പകലോൻ പോലും നേര-
ത്തീർപ്പിലെയൊരു വെറും
നിഴലാമതിൻ സാക്ഷാൽ-
പ്പൊരുളെന്നകമല്ലോ!

ഒരു പൂ വിരിയുമ്പോ-
ഴഴകേ! നീയായ്‌ നീയാ-
മറിവാണല്ലോ, തൃക്കൺ-
മിഴിവാണല്ലോ, നിറവടിവായ്,
നിറമെഴാ മണമായ്;
മൊഴിയേഴു പൊഴിയും
ചിരമൗന-
സ്വരധാര വഴിയുന്ന
പരമപ്രകാശമായ്,
നിറയുന്നതും,
പകലുമിരവുമായ്;
പിരിയാനാവാ ദിന-
മേകമായാഴം കാണാ-
നെളുതാ രാകാശശി-
പകരും
നറുനിലാപ്പൂരമായ്,
നിനവാകെ കനിവിൻ
നനവൂറും പ്രേമഗീതമായ്,
ഗീതഗോവിന്ദമൊഴുകുന്ന
മുരളീരവമായി!

2.
നിമിഷം
സൗന്ദര്യമായ്
വിരിയും;
കിനാവായി-
ക്കൊഴിയും;
പുലരിയായിനിയും
പുനർജന്മം;
കാലമേ! നമോവാകം!
ജാലമേ! പ്രവാഹമേ!
------------------------------------------------
കുറിപ്പ്

*കാല്യാണസൗഗന്ധികം
------------------------------------------



*പൂവഴക്
https://drkgbalakrishnankandangath.blogspot.com

28-1-17 
---------------------------------------------------------------------------