Wednesday, 9 March 2016

സ്വരബിന്ദു ഭാഗം 5
-------------------------------
1.ഭൂമി  9-3-16
-------------------------------
ഉണ്മയായെന്നിലുണരും
സുഗന്ധമാം
വെണ്മ;
നിത്യയെന്നമ്മ;
നിരന്തര.

നിന്നിലൂന്നും
മനസ്സും വപുസ്സും;
കണ്ണിൽ നീയാം
വിളക്കിൻ തെളിച്ചം.

വിണ്ണിൽ നിൻ പാത;
നീ നിനക്കായി
നിന്നിൽ നീ തീർത്ത
സൌന്ദര്യപൂരം!

എന്നിലെപ്പോഴു-
മാനന്ദമായി;
മിന്നി മിന്നിത്തെളിയുന്ന
നാദം;
എന്നിലെച്ചോദ്യ-
ചിഹ്നമായ് വിങ്ങും
സന്നിവേശം
മധുരം വിചിത്രം;
ഉള്ളിൽ നിന്നുമൊഴുകും
സുഗീതം
പള്ളികൊള്ളും
പവിത്രസങ്കേതം!

ആരുമാരു-
മറിയാതെയെന്നിൽ
കാര്യകാരണ-
ദ്വന്ദമായ്ത്തിങ്ങും
വേദസംഗീതധാരാവിശേഷം;
അവ്യയം നിത്യനവ്യം പവിത്രം!

കാലമേറെയായ്
മാമുനിമാരും
കാവ്യസൽക്കലാ-
വല്ലഭന്മാരും
ശാസ്ത്രകോവിദർ
തർക്കവിദഗ്ദ്ധർ
 ചിത്രമെത്രമെനയുന്നു
നീളെ!


2,
എത്രയെത്ര വിദൂഷകവൃന്ദം
സത്യമല്ലെന്നസത്യമോതുന്നു;

കൃത്യമായി സുസത്യമായ് ചിത്തം
നൃത്തമാടുന്നു
പൂർണ-സംപൂജ്യം!
---------------------------------------------------------
സ്വരബിന്ദു ഭാഗം 5.
1. ഭൂമി
ഡോ കെ.ജി.ബാലകൃഷ്ണൻ
10-3-2016
-----------------------------------------------------------


       

   



  

 



Tuesday, 8 March 2016

സ്വരബിന്ദു  ഭാഗം  4
--------------------------------
6. സുഗന്ധം
--------------------------------

നിറമെഴാ നിറമൊന്നുമാത്രം;
നിറമുള്ള  ചായമതേറെ.

മഴവില്ലിലേഴുണ്ട്  ചായം;
നിഴലായൊരായിരം വേറെ.
നാവായി പിന്നെയും
പിന്നെയും പിന്നെയും
ആയിരത്തിന്റെ
പെരുക്കം;
ഈ മഹാവിശ്വവിലാസം.

ആദിയുമന്തവുമില്ലാ
നിനവിന്റെ
ചന്തമതിൻ ഗന്ധമല്ലോ
നേരായുണരുമീ
ശ്രീരാഗസൗരഭം;
കാരണം;
നിത്യം നിദാനം.

ഓരോ മിടിപ്പിലും
വീർപ്പിലും
ഞാനെന്ന നീയാ-
മനുഭൂതി
ഉള്ളിലുണരുന്നു;
നൂറായി
നൂറായിരമായി
ചായം;
പടരുന്നു;
പുതുരൂപമാളുന്നു;
വിണ്ണായ് വിലസുന്നു.


2
നീയോ നിറവായി;
നിമിഷത്തിനുറവായി;
പറയുവതെളുതാ-
പരമമാമറിവായി;
പകരുവാനാവാ
മധുരതമമരുളായി;
ഗുരുവരുളുമേതോ
അനിതരസുഗന്ധമായ്‌!
-------------------------------------------
ഭാഗം 4.
6.സുഗന്ധം
ഡോ കെ ജി ബാലകൃഷ്ണൻ
9-3-2016
-----------------------------------------------







  








സ്വരബിന്ദു ഭാഗം 4.
-----------------------------
5.നിറം
------------------------------
നിറമെഴാ രാഗ-
വിതാനമാമവ്യയ-
സ്വരസംവിധാനമെൻ
പൊരുളാം പ്രഭാമയം.

വെണ്മയതെന്ന്
ഋഷിയുടെ മന്ത്രണം;
ഉണ്മയതെന്ന്
ഗുരുവരുൾ;
ഉള്ളിലെ
നന്മയതെന്ന്
മനസ്സിന്റെ
സാന്ത്വനം;
കഥയിതിപ്പോഴും
കാകു;കടങ്കഥ!

വീണവായന;
വേണുവിൻ
ചുംബനം;
വേണുഗോപാല-
ലീലാവിലാസമാം
വിശ്വദർശനം;
സത്യസുദർശനം!

 പൂത്തുലഞ്ഞ
വനികയിലിന്നലെ
പാട്ടുകേട്ടു;
നിലാ ഞൊറിച്ചേലിലും;
ദൂരെ ദൂരെ-
യറിയായിടങ്ങളിൽ
അലയടിക്കും
നിറസുഗന്ധങ്ങളിൽ!

ഒരു സ്വരം മാത്ര-
മെന്നാത്മതന്ത്രിയിൽ
ചിരമനശ്വരം;
സംഗീതസാഗരം;
നിറമതൊന്നിൻ
നിരാമയബിന്ദുവിൽ
വിലയനം;
സകലമൊന്നിൽ
സമന്വിതം.
-------------------------------------------
5.നിറം
ഡോ കെ ജി ബാലകൃഷ്ണൻ
8-3-2016 
------------------------------------------
   



 

  


Friday, 4 March 2016

സ്വരബിന്ദു ഭാ 4
-------------------------
4 പ്രകാശം
-------------------------

ഓരോ മിടിപ്പും
മിഴി തുറക്കുന്നു വെ-
ഞ്ചാമരം വീശുന്നു;
പൂക്കുന്നു കായ്ക്കുന്നു;
പൊഴിയുന്നു;
കണ്ണുനീർ തൂവുന്നു;
ഇന്നലെയാവുന്നു;
കാലം പിറക്കുന്നു;
കഥയായുറങ്ങുന്നു.

കവിതയായ് കത്തി-
ജ്വലിക്കുന്നു;
കവിയുടെ
ഉള്ളിൽ സുഗന്ധമായ്
നിറയുന്നു;
പിന്നെയും
നാദമായാനന്ദഗീതമായ്
പൊന്നാഭയാളുന്നു;
വിണ്ണായ് വിലസുന്നു.

കണ്ണിന് കാണലാ-
യുൾക്കണ്ണിൽ
ഇന്നലെ തീർക്കു-
മൊരായിരം ചിത്രമായ്‌
മായാവിലാസമായ്
മാദകസ്വപ്നമായ്
ചത്രം വരയ്ക്കുന്നു
നൃത്തം ചവിട്ടുന്നു
ഹൃത്തടമാനന്ദ-
നാദം മുഴക്കുന്നു;
ഓങ്കാരരൂപിയാ-
മേഴാമറിവിന്റെ
പൂങ്കാവനമായി
നീയായി ഞാനായി
ഒന്നിൻ വികാസമായ്
അൺഡകടാഹമായ്;
ആദിമദ്ധ്യാന്തമെഴാ
പ്രഭാപൂരമായ്;
ആവർത്തപൂർണമായ്;
കാണുന്ന കാണലായ്!

2.
നിത്യം കറങ്ങുന്ന
വൃത്തവിശേഷമായ്;
മാമുനിമാർ ചൊന്ന
സ്വപ്നസുഷുപ്തിയായ്!
ഒന്നുമില്ലൊന്നുമി-
ല്ലെന്ന പ്രകാശമായ്!
--------------------------------------
4.പ്രകാശം
ഡോ കെ ജി ബാലകൃഷ്ണൻ
8-3-2016
----------------------------------------------








Thursday, 3 March 2016

സ്വരബിന്ദു ഭാ.4
--------------------------
3. രശ്മി
--------------------------

പൊന്നിഴയാലാട
നെയ്യുന്നു പാർവണം
വിണ്ണിനും ഭൂവിനും
മാർകഴിക്കാററിനും.

ഓരോ നിമിഷവു-
മോരോ സുരാഗമായ്
ആരുടെ രത്ന-
വിപഞ്ചികയിത്രയും
ചിത്രമായ്‌ നിത്യമാ-
യാലപിപ്പൂ!


ശ്വേതരശ്മിയി-
ലേഴു നിറങ്ങളു-
മേതു കരങ്ങൾ
ഒളിച്ചുവെച്ചു!

നാദതരംഗങ്ങൾ
ഏഴു സ്വരങ്ങളിൽ
ഏതു പുല്ലാങ്കുഴൽ
വിന്യസിച്ചു!

പാതി വിരിഞ്ഞൊരി-
ച്ചെമ്പനീർപ്പൂ തന്നിൽ
ആദിയിലീഗന്ധ-
മാരു തൂവി!

ആദികവിയുടെ
നാവിൻ
തിരുത്തുമ്പിൽ
ഏതു നാരായം
പൊരുൾ കുറിച്ചു!

ഏതു സുസൂക്ഷ്മത്തിൽ
നിന്നീയനന്തമാം
വ്യോമവും ഭൂവു-
മിതൾ വിരിഞ്ഞു!

2.
സ്വപ്നസദൃശമാ-
മവ്യക്തമേ! നിത്യ-
സത്യമേ!
ആരു നീ
ആരു നീ
ആനന്ദസാന്ദ്രമേ!
-----------------------------------
ഭാ.4 3 രശ്മി
4-3-2016
-----------------------------------

















 

Wednesday, 2 March 2016

സ്വരബിന്ദു ഭാ.4
--------------------------
2. സാരം
-------------------------
അമ്മേ, നിറഞ്ഞു
പതഞ്ഞൊഴുകുന്നു
നീ
വൃന്ദാവനത്തിൻ
വസന്തമായി;
നീലക്കടമ്പിനു
പുണ്യമായി
കാളിയ-
 മർദ്ദനവേദിയായി!

2.
കാകോളമെന്നിൽ-
പ്പടരാതെ കാക്കുന്ന
ലീലാവിനോദ-
വിശേഷമായി
ഉള്ളിന്റെ
ഉള്ളിലെ
പൂനിലാത്തുള്ളിയാ-
മുണ്മയായ്;
വെണ്ണകട്ടുണ്ണിയായി!

കണ്ണനായെന്നുമെന്നുള്ളൂണർത്തും
രാഗഗന്ധമായോ-
ടക്കുഴൽവിളി കേൾക്കുന്നു;
ഗീതോപദേശമായ്.

ഞാനോ കുരുക്ഷേത്ര-
ഭൂമിയിൽ;
നാളെയെ-
യോർത്തു
നീർ തൂകുന്ന ഫൽഗുനൻ-
നീയെന്ന ഞാൻ തന്നെ
ഞാനെന്ന നീ തന്നെ
ജീവിതത്തേരിനു
തേരാളിയാം
സ്വരസാരം-
മുനിയുടെ
കാവ്യസ്ങ്കല്പനം!

നിത്യം നിരന്തരം
സ്പന്ദനമീ സ്വരം!

3.
ഈ മുളംതണ്ട്‌ പൊ-
ന്നോടക്കുഴലായി;
സാമം പൊഴിയുന്ന
വേണുവായി!
കാലിച്ചെറുക്കനാം
കള്ളക്കറുമ്പനോ
ചേലിലെൻ
വേണുഗോപാലനായി!
--------------------------------------------
4- 2
സാരം 3-2-2016
--------------------------------------------


Tuesday, 1 March 2016

സ്വരബിന്ദു ഭാഗം 4
-----------------------------
1.മിഴിവ്
-----------------------------
2-3-2016
--------------------------------

നാവറ്റ നാഴിക-
മണിപോലെ-
യിഴ പൊട്ടി
ജീവൻ പൊലിഞ്ഞ
പൊൻവീണ പോലെ
പൂവായ പൂവൊക്കെ
വാടിക്കരിഞ്ഞു പാഴ്-
ഭൂവായ മാനസ-
പ്പൊയ്ക പോലെ
ജടമായിരുന്നു ഞാൻ
ഇന്നലെ; ഇന്നിതാ
സുരരാഗമായി നിൻ
നാദമാർന്നു!

നീയാം സ്വരബിന്ദു;
അദ്വയമവ്യയം;
നീയാം നിരന്തരം
നിത്യസത്യം!

2.
ആഴിത്തിരയിലും
ഊഴിത്തുടിപ്പിലും
പാതിരാക്കാററിലും
ജ്വാലാമുഖിയുടെ
അഗ്നിവക്ത്രത്തിലും
സ്വപ്നത്തിലും

നീയുണരുന്നതും
നീ നിറയുന്നതും
ഞാനായിയെന്നിൽ
മൊഴിയുന്നതും,
പൂവിരിയുന്നതും
മഴ പൊഴിയുന്നതും
നീലനിലാവിൻ
ഇഴകളിൽ-
ത്തഞ്ചുന്ന
പൊന്നൊളി
പാലാഴി തീർക്കുന്നതും
അമ്മേ,
അറിവു ഞാൻ;
നിൻ
മിഴിവാണു ഞാൻ!
-------------------------------------------
4.1 മിഴിവ്
2-3-2016
=========================