Friday, 4 March 2016

സ്വരബിന്ദു ഭാ 4
-------------------------
4 പ്രകാശം
-------------------------

ഓരോ മിടിപ്പും
മിഴി തുറക്കുന്നു വെ-
ഞ്ചാമരം വീശുന്നു;
പൂക്കുന്നു കായ്ക്കുന്നു;
പൊഴിയുന്നു;
കണ്ണുനീർ തൂവുന്നു;
ഇന്നലെയാവുന്നു;
കാലം പിറക്കുന്നു;
കഥയായുറങ്ങുന്നു.

കവിതയായ് കത്തി-
ജ്വലിക്കുന്നു;
കവിയുടെ
ഉള്ളിൽ സുഗന്ധമായ്
നിറയുന്നു;
പിന്നെയും
നാദമായാനന്ദഗീതമായ്
പൊന്നാഭയാളുന്നു;
വിണ്ണായ് വിലസുന്നു.

കണ്ണിന് കാണലാ-
യുൾക്കണ്ണിൽ
ഇന്നലെ തീർക്കു-
മൊരായിരം ചിത്രമായ്‌
മായാവിലാസമായ്
മാദകസ്വപ്നമായ്
ചത്രം വരയ്ക്കുന്നു
നൃത്തം ചവിട്ടുന്നു
ഹൃത്തടമാനന്ദ-
നാദം മുഴക്കുന്നു;
ഓങ്കാരരൂപിയാ-
മേഴാമറിവിന്റെ
പൂങ്കാവനമായി
നീയായി ഞാനായി
ഒന്നിൻ വികാസമായ്
അൺഡകടാഹമായ്;
ആദിമദ്ധ്യാന്തമെഴാ
പ്രഭാപൂരമായ്;
ആവർത്തപൂർണമായ്;
കാണുന്ന കാണലായ്!

2.
നിത്യം കറങ്ങുന്ന
വൃത്തവിശേഷമായ്;
മാമുനിമാർ ചൊന്ന
സ്വപ്നസുഷുപ്തിയായ്!
ഒന്നുമില്ലൊന്നുമി-
ല്ലെന്ന പ്രകാശമായ്!
--------------------------------------
4.പ്രകാശം
ഡോ കെ ജി ബാലകൃഷ്ണൻ
8-3-2016
----------------------------------------------








Thursday, 3 March 2016

സ്വരബിന്ദു ഭാ.4
--------------------------
3. രശ്മി
--------------------------

പൊന്നിഴയാലാട
നെയ്യുന്നു പാർവണം
വിണ്ണിനും ഭൂവിനും
മാർകഴിക്കാററിനും.

ഓരോ നിമിഷവു-
മോരോ സുരാഗമായ്
ആരുടെ രത്ന-
വിപഞ്ചികയിത്രയും
ചിത്രമായ്‌ നിത്യമാ-
യാലപിപ്പൂ!


ശ്വേതരശ്മിയി-
ലേഴു നിറങ്ങളു-
മേതു കരങ്ങൾ
ഒളിച്ചുവെച്ചു!

നാദതരംഗങ്ങൾ
ഏഴു സ്വരങ്ങളിൽ
ഏതു പുല്ലാങ്കുഴൽ
വിന്യസിച്ചു!

പാതി വിരിഞ്ഞൊരി-
ച്ചെമ്പനീർപ്പൂ തന്നിൽ
ആദിയിലീഗന്ധ-
മാരു തൂവി!

ആദികവിയുടെ
നാവിൻ
തിരുത്തുമ്പിൽ
ഏതു നാരായം
പൊരുൾ കുറിച്ചു!

ഏതു സുസൂക്ഷ്മത്തിൽ
നിന്നീയനന്തമാം
വ്യോമവും ഭൂവു-
മിതൾ വിരിഞ്ഞു!

2.
സ്വപ്നസദൃശമാ-
മവ്യക്തമേ! നിത്യ-
സത്യമേ!
ആരു നീ
ആരു നീ
ആനന്ദസാന്ദ്രമേ!
-----------------------------------
ഭാ.4 3 രശ്മി
4-3-2016
-----------------------------------

















 

Wednesday, 2 March 2016

സ്വരബിന്ദു ഭാ.4
--------------------------
2. സാരം
-------------------------
അമ്മേ, നിറഞ്ഞു
പതഞ്ഞൊഴുകുന്നു
നീ
വൃന്ദാവനത്തിൻ
വസന്തമായി;
നീലക്കടമ്പിനു
പുണ്യമായി
കാളിയ-
 മർദ്ദനവേദിയായി!

2.
കാകോളമെന്നിൽ-
പ്പടരാതെ കാക്കുന്ന
ലീലാവിനോദ-
വിശേഷമായി
ഉള്ളിന്റെ
ഉള്ളിലെ
പൂനിലാത്തുള്ളിയാ-
മുണ്മയായ്;
വെണ്ണകട്ടുണ്ണിയായി!

കണ്ണനായെന്നുമെന്നുള്ളൂണർത്തും
രാഗഗന്ധമായോ-
ടക്കുഴൽവിളി കേൾക്കുന്നു;
ഗീതോപദേശമായ്.

ഞാനോ കുരുക്ഷേത്ര-
ഭൂമിയിൽ;
നാളെയെ-
യോർത്തു
നീർ തൂകുന്ന ഫൽഗുനൻ-
നീയെന്ന ഞാൻ തന്നെ
ഞാനെന്ന നീ തന്നെ
ജീവിതത്തേരിനു
തേരാളിയാം
സ്വരസാരം-
മുനിയുടെ
കാവ്യസ്ങ്കല്പനം!

നിത്യം നിരന്തരം
സ്പന്ദനമീ സ്വരം!

3.
ഈ മുളംതണ്ട്‌ പൊ-
ന്നോടക്കുഴലായി;
സാമം പൊഴിയുന്ന
വേണുവായി!
കാലിച്ചെറുക്കനാം
കള്ളക്കറുമ്പനോ
ചേലിലെൻ
വേണുഗോപാലനായി!
--------------------------------------------
4- 2
സാരം 3-2-2016
--------------------------------------------


Tuesday, 1 March 2016

സ്വരബിന്ദു ഭാഗം 4
-----------------------------
1.മിഴിവ്
-----------------------------
2-3-2016
--------------------------------

നാവറ്റ നാഴിക-
മണിപോലെ-
യിഴ പൊട്ടി
ജീവൻ പൊലിഞ്ഞ
പൊൻവീണ പോലെ
പൂവായ പൂവൊക്കെ
വാടിക്കരിഞ്ഞു പാഴ്-
ഭൂവായ മാനസ-
പ്പൊയ്ക പോലെ
ജടമായിരുന്നു ഞാൻ
ഇന്നലെ; ഇന്നിതാ
സുരരാഗമായി നിൻ
നാദമാർന്നു!

നീയാം സ്വരബിന്ദു;
അദ്വയമവ്യയം;
നീയാം നിരന്തരം
നിത്യസത്യം!

2.
ആഴിത്തിരയിലും
ഊഴിത്തുടിപ്പിലും
പാതിരാക്കാററിലും
ജ്വാലാമുഖിയുടെ
അഗ്നിവക്ത്രത്തിലും
സ്വപ്നത്തിലും

നീയുണരുന്നതും
നീ നിറയുന്നതും
ഞാനായിയെന്നിൽ
മൊഴിയുന്നതും,
പൂവിരിയുന്നതും
മഴ പൊഴിയുന്നതും
നീലനിലാവിൻ
ഇഴകളിൽ-
ത്തഞ്ചുന്ന
പൊന്നൊളി
പാലാഴി തീർക്കുന്നതും
അമ്മേ,
അറിവു ഞാൻ;
നിൻ
മിഴിവാണു ഞാൻ!
-------------------------------------------
4.1 മിഴിവ്
2-3-2016
=========================

 












 

Wednesday, 17 February 2016

3.
6. ഒന്ന് 18-2-2016
----------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------------

1.
ഒന്നിൻ പെരുക്കം കുറുക്കം കറക്കം
ഒന്നിന്നൊടുക്കം പുതുക്കം
ഒന്നിൻ നിദാനം വിതാനം
ഇന്നിൻ വിലാസം സുഹാസം!

പൊന്നിൻ ചിലമ്പൊലി
വിണ്ണിൻ നിലാവൊളി
മണ്ണിൻ മനസ്സിലെ-
ക്കന്നിക്കതിർമണി.

ഒന്നിൽനിന്നായിരം
സിന്ദൂരരശ്മികൾ
ഇന്നിൻറെ മാറിൽ
വിരിയുന്നു പൂക്കൾ.

ഇന്നിൽനിന്നിന്നലെ;
നാളെയുടെ കാലടി-
പ്പാടുകൾ; പറവയുടെ
ചിറകടിക്കേൾവികൾ.

പാടിപ്പറക്കും പതംഗമായിന്നിന്റെ
വേദിയായ്
ആകാശവീഥിയായ്
അക്ഷരം
അവ്യയഗാഥയായ്
ഏകമാമേതോ കിനാവിന്റെ
ചെമ്പൂവിലൂറൂ-
മിനിപ്പിൻ തുടിപ്പിലെ-
ന്നുള്ളിൻ മിടിപ്പായ്;
നിമിഷച്ചിറപ്പായ്.     

2.
പാടുന്നു പൈങ്കിളി;
ഇക്കാണ്ൻമതെല്ലാം
നീളുന്ന നീളമനന്തന്റെ
നാൾവഴി.

*കാണാച്ചുരുൾച്ചുഴിച്ചേലുകൾ;
കാഴ്ച്ചകൾ;
കാണാ പ്പുറങ്ങളിൽ
കളി;കഥക്കോപ്പുകൾ നീലമാ-
മൊന്നിന്റെ
നീലത്തളിരുകൾ;
നീളേ നിരക്കും
നിരാകാര-
വീചികൾ.

പാടിപ്പഴകിയ-
യീരടി ക്കപ്പുറം
തേടിപ്പ റക്കുമെൻ
സഞ്ജയ വീഥികൾ!


* Dark Energy/ഇരുണ്ട ഊർജം
*സഞ്ജയ വീഥികൾ= മോഡേൺ സയൻസ്
"ധര്മക്ഷേത്രേ കുരുക്ഷേത്രേ
------------- സഞ്ജയ!"
----------------------------------------------------------------------
6
ഒന്ന്
ഡോ കെ ജി ബാലകൃഷ്ണൻ
17-2-2017.
---------------------------------------------------------------------

 



Tuesday, 16 February 2016


ഭാ.3 

5. വെയിൽ 17-2-2016 
---------------------------------

1.
കണ്ണും തിരുമ്മി
ഉണരുന്ന ചെമ്പനീർ-
പ്പൂവായി പൂവിന്റെ
ശീലായി ചേലായി

നേരിനു നേരായ
നാരായവേരായി
നീലനിറമാർന്ന
ജാലപ്പൊരുളായി

കണ്ണായി കാതായി
മണ്ണായി മണമായി
എണ്ണിയാൽ തീരാ-
വിതാനപ്പരപ്പായി
പഞ്ചാരിമേള-
ക്കൊഴുപ്പായി
മാമയിൽ
പ്പൂവന്റെ
ആട്ടത്തിമർപ്പായി
കാമന്റെ
അമ്പായി
ഞാനായി നീയായി
നിത്യമായി.


2.
കുഞ്ഞിളം കാറ്റായി
മഞ്ഞായി കുളിരായി
ഓരോ നിമിഷവു-
മോരോ കനവായി

നിനവായി
പാൽക്കടലൽ-
ത്തിരയായി നീളുന്ന
നീളമായി

മഴയായി പുഴയായി
പൂങ്കുയിൽ പ്പെണ്ണായി
ഇരുൾ പോക്കു മേഴാ-
മറിവിൻ വിളക്കായി
പുലരിയായാകാശ-
പ്പൊലിമയായി.

വെയിലായി-
ആയിരം
ശ്രുതിയായി സ്മൃതിയായി
മന്ത്രമാം
ധ്വനിയായി
സ്വരമായി
ഓംകാര-
പ്രഭയായി
സത്യത്തിൻ
കാതലായി.

3.
അണയാ-
ക്കനലായി
മനമായി
ജലമായി
സർവംസഹയായി
ഭൂമിയായി.

4.
വെയിലായും നിഴലായും
സ്വരമായും നിറമായും
രാവായും പകലായും
രാഗമായും.
------------------------------------------
5.വെയിൽ 17-2-2017
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------------










Sunday, 14 February 2016

ഭാ.3
4. മഴ

ഓരോ നിമേഷവും
പുതുമഴത്തുള്ളിയായ്
നേരായ് മലർമണം
തൂവുന്ന തെന്നലായ്
നിത്യമായ് നിത്യ-
നിദാനമായാനന്ദ-
ദുഗ്ദ്ധമാം പ്രേമസംഗീതം
പൊഴിയവെ,
ഇന്നുണരുന്നതും
ഇന്നലെയാവതും
പിന്നെയും പിന്നെയും
നാളെയുടെ നാമ്പുകൾ
നീയാം നിനവിൽ നിന്നാവിർഭവിപ്പതും

കാലം ചിരം കാവ്യമാല്യം കൊരുപ്പതും
ജാലം;
പ്രഭാമയം നവ്യം നിരന്തരം!

2.
വെള്ളിവെളിച്ചമായ്
ഉള്ളിലുമാറിലും
തിങ്ങും പ്രഭാതമേ!
സൗന്ദര്യപൂരമേ!
മന്ദ്രമധുരമാം
മന്ത്രധ്വനികളായ്
തന്ത്രവിധികളാ-
യെന്നുൾത്തുടിപ്പുകൾ
ഓരോ മഴത്തുള്ളി
തന്നിലും ചന്ദന-
ലേപസുഗന്ധം
പൊഴിയുന്നു രാഗമേ!

3.
ആകാശവീഥികൾ
തേടി പ്പറക്കുമെൻ
ചേതോവികാരങ്ങൾ
നിന്മൂക സാന്ത്വനം.

ഇന്നലെപ്പെയ്തതു-
മിന്നുപെയ്യുന്നതും
നാളെയായ് നേരം
നിരന്തരം പെയ് വതും
പെയ്യാതിരിപ്പതും
ആറു ഋതുക്കളിൽ
കാലമെഴുതുന്ന
ഭാവങ്ങൾ രാശികൾ
കോലം വരപ്പതും
നർത്തനം ചെയ് വതും
നാളെയായ് സ്വപ്‌നങ്ങൾ
പൂത്തുലയുന്നതും
വേണുവും വീണയും
രാഗം ചമച്ചേഴു
ലോകം രചിപ്പതും
പാലാഴി തീർപ്പതും!

4.
പാടുന്നു പൂങ്കുയി-
ലേതോ കിനാവായി
മാറുന്നു; കോരി-
ച്ചൊരിയുന്നു മാമഴ!
-----------------------------------------
4. മഴ
16-2-2016
--------------------------------------------