Tuesday 30 May 2017

new poem 5 saumyam 31-5-17 dr kg balakrishnan

new book poem 5 31-5-17 സൗമ്യം
-----------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
സൗമ്യം
----------------------------------------------

ഇനിയുമിനിയുമിതൊഴുകും
പാരാവാരപ്പരപ്പിലലിയും
കിനിയുമൊരു പുതുരാഗമാ-
യുദയമാളും; ക്രിയയിതു തുടരും
നേരമായ്;
നിറനിറവായ്;
നിത്യമായ്‌ നിലകൊള്ളും!

ഇനിയുമിനിയുമിതി
നരുണിമയിൽ
നീന്തിനീരാടി രൂപം
പലതരമാർന്ന്;
"കലകളറുപത്തിനാലും"
കളിച്ചും;
"പതിനാറായിരത്തെട്ടു"
വേഷം ചമച്ചും;
ഇനിയുമിതവതരിക്കും
ആയിരം പേരിലറിയു-
മോരേയൊരറിവിൻ
നിറമെഴാ നറുമണവടിവായ്
ശ്രീനിവാസാഖ്യമാകും!

ഇനിയുമിനിയു-
മിതൊരു വെറും
കനവിലൊളിയും
കാനലായ് ദൂരെ ദൂരെ;
അകലുമകലുമാശാ-
കനകഹരിണമായ്;
മാരിവില്ലായ്;
മനമഥനലീലയാടു-
മനന്തമായിതു തുടരും;
നിത്യമാം സത്യരൂപം
പുനരവതരിക്കു-
മിനിയും
കിറുകൃത്യമേ
കാലചക്രം!

2.
മുനിയരുളിയ
അറിവിൻ
നെയ്‌വിളക്കിന്നുമെന്നും
തനിമയൊടെ
തെളിമയൊടെ;
"ഹന്ത! ഭാഗ്യം ജനാനാ"-
മിതു സ്വരം ഭാരതീയം!
മധുരമധുരം; മാധുരം
കവിയുടെ ചൊടിയിൽ
കാവ്യമുല്ലേഖരമ്യം!
ഋഷിയുടെ മൊഴിവിൽ
സത്യസമ്പൂർണ്ണസൗമ്യം!

3.
എവിടെയെവിടെയുണ്ടിതുകണക്കേ
സുഗന്ധം
പൊഴിയുമൊരു ചിന്താസൗഭഗം
വേറെയേറെ-
പ്പരിമിതമല്ലാതുള്ള വെൺശോഭനീയം!
ഇനിയുമെവിടെ മൊഴിയൊന്നാശതൻ
രമ്യഹർമ്യം
പണിയുമിതുപോൽ
ധിഷണയിൽ
ഹൃത്തടത്തിൽ!
------------------------------------------------------------
  new book poem 5
 
31/5/2017 സൗമ്യം ഡോ .കെ.ജി.ബാലകൃഷ്ണൻ
----------------------------------------------------------------------
 






No comments:

Post a Comment