Monday 29 May 2017

new book poem 2. mazhayocha. 30 5 17

മഴയൊച്ച new book poem 2. 30.5/17
--------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------------

മുത്തച്ഛനുണ്ടായിരുന്ന കാലം മഴ
യിത്രയുമുച്ചത്തിൽ പെയ്തിരുന്നോ!
നൃത്തച്ചുവടുകകളിത്രയും പാരുഷ്യ-
ചിത്രം വരച്ചു രസിച്ചിരുന്നോ!

ചിത്തിലിപ്പോഴുമാ മഴക്കാലത്തിൽ
തത്തിപ്പറന്നതിൻ സ്വപ്നരാഗം
ചിത്രവിപഞ്ചിതന്നിഴ മെനയും  വർണ്ണ-
ചിത്രമായ് മങ്ങാതെ പൂവിടുന്നോ!

രാവിലമ്മൂമ്മതൻ രാമായണക്കഥ
കാതിലിപ്പോഴും കതിരിടുന്നോ!
കാവിൽത്തളിരിടുമേഴിലംപാലയെൻ
നാവിൽ ഹരിശ്രീ കുറിച്ചിടുന്നോ!

മേലൂർ മനയിലെക്കൊമ്പന്റെ കൊലവിളി
നാലു ദിശയിലുമലയടിക്കെ,
"അർജ്ജുനൻ ഫൽഗുനൻ പാർത്ഥൻ കിരീടി"യാ-
യായിരമമ്പനവതരിക്കെ,
നാലുപാടും മഴ യേതോ നിശാചര-
ഭാവം പകർന്നു തൊഴിതൊഴിക്കെ,
കൂരിരുൾച്ചാർത്തിൽ മഴയുടെയാരവം
പാരിനെപ്പാടെ വിഴുങ്ങുമെന്ന
ഭാവത്തിൽ താളത്തിൽ കരിവേഷമാടുന്ന
നേരമ്മൂമ്മതൻ മാറിലൊരു കിളി-
ക്കുഞ്ഞായ് മയങ്ങിയ ബാല്യകാലം
ഉള്ളോർമ്മയായ്-
മഴയൊച്ചയിൽ മാധുരി;
ഉണ്മയായ്;
ഉണ്മ തൻ നേരിനു നേരായ്
സുഗന്ധമായ്!
------------------------------------------------------------
മഴയൊച്ച 30-5-17
new book poem 2.
---------------------------------------------------------------
    

 
  



     

No comments:

Post a Comment