Friday 27 January 2017

*പൂവഴക് 28 /12/17
---------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------

സത്യമേ!
നിരന്തര-
നിത്യമായുണരുന്ന
ചിത്രമേ! സൗഗന്ധിക-
പുഷ്പമേ! സനാതന-
ധർമമേ!
പ്രഭാതമേ!

നിന്തിരുമിഴിപ്പൂവിൻ
കൺതുറവിനെയല്ലോ
പന്തിരുകുലമെങ്ങ-
ളിന്ദിരാതനയന്മാർ
ചിന്തയിൽ നിറതീയിൽ
നീറ്റി പൊൻചിദാകാശ-
മന്ദിരമണിച്ചെപ്പിൽ
ശ്രുതിയായ് സൂക്ഷിക്കുന്നു!

ഇന്നലെയിന്നായ് മണി-
മന്ദിരകവാടത്തിൽ
സുന്ദരനിമിഷമെ-
ന്നുൾമിഴി തുറക്കവേ
ആയിരം കിനാവുക-
ളറിവാം വിളക്കിന്റെ
കോവിലിൽ നിറമാല
തീർപ്പതെ സാക്ഷാത്കാരം!

അറിവിന്നലയാഴി-
ത്തിരയല്ലെയോ
ഉള്ളിൽ
മിഴിയായ് മിഴിവായും
മൊഴിവായ്ത്തുടിക്കുന്നു!

പകലോൻ പോലും നേര-
ത്തീർപ്പിലെയൊരു വെറും
നിഴലാമതിൻ സാക്ഷാൽ-
പ്പൊരുളെന്നകമല്ലോ!

ഒരു പൂ വിരിയുമ്പോ-
ഴഴകേ! നീയായ്‌ നീയാ-
മറിവാണല്ലോ, തൃക്കൺ-
മിഴിവാണല്ലോ, നിറവടിവായ്,
നിറമെഴാ മണമായ്;
മൊഴിയേഴു പൊഴിയും
ചിരമൗന-
സ്വരധാര വഴിയുന്ന
പരമപ്രകാശമായ്,
നിറയുന്നതും,
പകലുമിരവുമായ്;
പിരിയാനാവാ ദിന-
മേകമായാഴം കാണാ-
നെളുതാ രാകാശശി-
പകരും
നറുനിലാപ്പൂരമായ്,
നിനവാകെ കനിവിൻ
നനവൂറും പ്രേമഗീതമായ്,
ഗീതഗോവിന്ദമൊഴുകുന്ന
മുരളീരവമായി!

2.
നിമിഷം
സൗന്ദര്യമായ്
വിരിയും;
കിനാവായി-
ക്കൊഴിയും;
പുലരിയായിനിയും
പുനർജന്മം;
കാലമേ! നമോവാകം!
ജാലമേ! പ്രവാഹമേ!
------------------------------------------------
കുറിപ്പ്

*കാല്യാണസൗഗന്ധികം
------------------------------------------



*പൂവഴക്
https://drkgbalakrishnankandangath.blogspot.com

28-1-17 
--------------------------------------------------------------------------- 
 








 










   

No comments:

Post a Comment