Thursday 15 December 2016

ശിക്ഷ  16 / 12 / 16
----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------

1.
ഈയാണ്ട്
കവിയുടെ മുറ്റത്തെ മൂവാണ്ടൻ
പൂത്തതേയില്ലല്ലോ!

കവിയെന്നും തൊട്ടുതലോടിയിട്ടും
കവിതകേൾപ്പിച്ചു വണങ്ങിയിട്ടും
കവിപത്നി നിത്യം
കഥ പറഞ്ഞു
കുടിനീരരുളിപ്പരിചരിച്ചും
ഓരിലയിട്ടനാൾ തൊട്ട്
നിരന്തരം
അരുമക്കിടാവുപോ-
ലൂട്ടി വളർത്തിയ
മുറ്റത്തെ മൂവാണ്ടൻ
പരിഭവിച്ചോ!

2.
പോയാണ്ട്
മാമ്പഴക്കാലം
എൻ
*സുഹൃൽക്കവി
നിൻ
കനിവിൻ
മധുരമാതിഥ്യം
നുണഞ്ഞതോർക്കുന്നുവോ!

"ഇനിയും വരാം
വരും-
വർഷ"മെന്നോതി;
അനുഗ്രഹമേകിയ
സ്നേഹമുഹൂർത്ത-
മനഘം
മറന്നിതോ!

3.
ബ്രാഹ്മമുഹൂർത്തത്തി-
ലെന്നുമെന്നുണ്മയിൽ
സർഗ്ഗസംഗീതം പൊഴിയും
കിളികളോ-
ട്ടെന്തു ഞാൻ ചൊല്ലും!
നിൻ
രാഗാമൃതമിനി
യെങ്ങനെയെങ്ങനെ
നുകരുമെൻ ചേതന!

4.
താഴെ നിലംപറ്റി
ഭൂമാതിനോടൊട്ടി-
യേതോ കിനാക്കണ്ട്
മഞ്ഞും വെയിലും
നിലാവിൻ തലോടലും
താരാട്ടുശീലും നുകർന്നു
നീയുൾത്താരിൽ
ഏഴുസ്വരങ്ങളുമേഴുലയങ്ങളു-
മേഴുതാളങ്ങളുമേഴുതലങ്ങളും
തീർപ്പത്തറിയാതെ-
മുത്തയ്യയോട് പറഞ്ഞുപോയ്‌:
"ഇക്കൊമ്പ്
നീക്കിയാലോ!-
അതെൻ
കാറിന് കൂടുതലിടമേകുമല്ലോ!"

5
പിറ്റേന്ന് തന്നെ വിധി നടപ്പാക്കി
മുത്തയ്യ-
* * * * * *
ഇന്നു നീ
നിന്റെയുൾത്താപവും!
അല്ല!
ശിക്ഷയോ!
അല്ല!
പരിഭവം മാത്രമെ-
ന്നാശ്വസിക്കട്ടെ ഞാൻ!
----------------------------------------------------
--*കവി കെ ജി എസ്
-----------------------------------------------------
indian poet dr.k.g.balakrishnan Amazon.com Author
16-12-2016
----------------------------------------------------------------
 





   









      

No comments:

Post a Comment