Monday 18 July 2016

ചൂണ്ടുവിരൽ
--------------------------
ഭാരതഗീതം (സംഗീതകാവ്യം)
--------------------------------------------------
കവിയുടെ
ഉടുക്ക്പാട്ട്
----------------------------------

                  ഉടുക്ക് കൊട്ടി പാടിനടക്കുന്ന പാണനാരെ ഞാൻ കണ്ടിട്ടുണ്ട്
എന്റെ കുട്ടിക്കാലത്ത്. ആ നാടൻ ശീലുകളിൽ കേരളത്തിന്റെ മനസ്സും
ആത്മാവിന്റെ സംഗീതവും സ്പന്ദിച്ചിരുന്നുവെന്ന് ഇന്ന് ഞാൻ അറിയുന്നു.
അതുപോലെത്തന്നെ ഗീതഗോവിന്ദവും ആത്മാവിന്റെയും പരമാത്മാവിന്റെയും പ്രണയഗാനമാണെന്ന് തിരിച്ചറിയുവാനും ആ ആനന്ദത്തിൽ അലിയുവാനും ഇന്നെനിക്കാവുന്നു.

                വേദമന്ത്രങ്ങൾ ഭാരതത്തിന്റെ ആത്മാവിന്റെ ആഴങ്ങളിൽ നിത്യജ്ജ്യോതിയായി പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു. വേദം അപൗരുഷേയമാണെന്ന് ഋഷി ഉറപ്പിച്ചു തന്നിട്ടുണ്ടല്ലോ! അത് സത്യമാണ്. ഏകമാണ്.ജ്ഞാനമാണ്. ഞാൻ ആരെന്ന അറിവ്. ആ അപരിമേയത്തെ അറിയുവാൻ തപസ്സെന്ന ഒരേ ഒരു മാർഗമേ ഉള്ളു. അതനുഷ്ഠിക്കുന്നവൻ തന്നെ ഋഷി.

" ഋഷി:"പദത്തിന്റെ നിരുക്തം
----------------------------------------------------
                    വളരെ ബൃഹത്താണ് "ഋഷി:" യെന്ന പദത്തിന്റെ നിരുക്തം.
എല്ലാ ആചാര്യന്മാരും "ഋഷി:" യെന്ന അനിർവചനീയമായ ഭാവത്തെ
നിർവചിച്ചിട്ടുണ്ട്. വിസ്തരിക്കുന്നില്ല. ശങ്കരൻ ഇങ്ങനെ പറയുന്നു
"ഋഷയഃ സമ്യക് ദർശിനഃ".(സമ്യക്കായി ദർശിക്കുന്നവർ ഋഷിമാർ"). നിരുക്തശാസ്ത്രത്തിന്റെ പരമാചാര്യനായ യാസ്കനും പണ്ടേ ഇത് പറഞ്ഞു വച്ചിട്ടുണ്ട്.(ദർശനാത്  ഋഷി: - ദർശിക്കുക നിമിത്തം ഋഷി:). ശ്രീശങ്കരൻ ഒന്നുകൂടി ഉറപ്പിക്കുന്നുവെന്ന്‌ മാത്രം.

ആദികവി വാല് മീകി മഹർഷി
-----------------------------------------------------
ആദികാവ്യമായ രാമായണം നമുക്ക് പാടിത്തന്നത് ഋഷിയായിരുന്നല്ലോ!
 അതിൽ  ഇന്ന്  ഉത്തരാധുനികമെന്നും അതിനപ്പുറമെന്നും മറ്റും
ഉദ്‌ഘോഷിക്കപ്പെടുന്ന ചിന്തകളും കാവ്യരൂപകല്പനകളും ആധുനിക ഭൗതിക ശാസ്ത്രം കാഴ്ച വയ്‌ക്കുന്ന പുത്തനറിവുകളും കൃത്യമായി ഋഷി
സമന്വയിക്കുന്നത് നമ്മെ അദ്‌ഭുതപരതന്ത്രരാക്കുന്നു.

വ്യാസമഹർഷി
-----------------------------
വേദവ്യാസനാണല്ലോ ബാദരായണൻ! വേദങ്ങളെ വിഭജിച്ചവൻ!
 ഭാരത-ഭാഗവത മഹാകാവ്യങ്ങളുടെ രചയിതാവ്! ഗീത ലോകത്തിന് സമ്മാനിച്ച മഹർഷിവര്യൻ! മഹാകവി!
ഭാഗവതത്തിലെ ഭ്രൂണ-ശാസ്ത്രനിബന്ധങ്ങൾ ആധുനിക- വൈദ്യശാസ്ത്രവിജ്ഞാനത്തോട് സംവദിക്കുന്നതത്രെ! "ഇതിലുള്ളത് പലയിടത്തും കാണാം; ഇതിലില്ലാത്തത് യാതൊരിടത്തും കാണില്ലെ"ന്ന് സ്വയം വിലയിരുത്താൻ ഉൾക്കാഴ്ച നേടിയ വിശാരദൻ! ലോകത്തെവിടെ പിറവികൊണ്ടിട്ടുണ്ട്  ഇവ്വണ്ണം ആധികാരിത പ്രകാശിപ്പിക്കുന്ന ഒരു ഗ്രന്ഥകാരൻ! "തത്ത്വമസി"യെന്ന ഒരേയൊരു വാക്യത്തിൽ ജ്ഞാന- വിജ്ഞാനങ്ങളുടെ അപരിമേയതയും അപാരതയും ആവാഹിച്ച വേദത്തിന് ആയിരമായിരം വ്യത്യസ്തകഥാപാത്രങ്ങളിലൂടെ ഭാഷ്യം ചമച്ച അത്ഭുതപ്രതിഭ! ( പിന്നീട് ശ്രീശങ്കരനും ശ്രീനാരായണനും കാലോചിതമായി ഈ ആശയസൗകുമാരത്തെ പുതുക്കിപ്പണിതുവെന്ന്മാത്രം.)

തത്ത്വമസി
----------------------
ഏകത്വത്തിന്റെ ഈ വിളംബരം ഗീതയിലൂടെ അരക്കിട്ടുറപ്പിച്ച വ്യാസമുനിയുടെ വാക്കുകൾ ഇന്ന് വിശ്വം മുഴുവനും മുഴങ്ങുന്നതും അതെത്തിപ്പിടിക്കുവാൻ ആധുനികശാസ്ത്രവിജ്ഞാനങ്ങൾക്ക്
ആകാതെപോകുന്നതും ഭാരതീയചിന്തയുടെ ഈ പുതുലോകത്തിലെ പ്രസക്തിക്ക് മാറ്റേറ്റുന്നു.

ഭാരതീയചിന്ത
---------------------------
ഭാരതീയചിന്തയുടെ മുഖമുദ്ര തന്നെ ശുഭപ്രതീക്ഷയാകുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു! തന്നെ. ഭാരതത്തിന്റെ ആശീർവാദം. വിപ്ലവമെന്ന ആശയം ഭാരതത്തിനന്യമല്ല. മാറ്റം അനിവാര്യമാണ്. എന്നാൽ അതിനുള്ള മാർഗ്ഗം തന്നിലേയ്ക്കുള്ള യാത്രയാണ്. കാരണം, അത് നീ തന്നെയാണ്! നീ
ഉത്തുംഗമായ ഹിമാലയമാണ്. ഞാനാകട്ടെ ഗംഗയും! ഒരെയൊരൊന്നിന്റെ
പെരുക്കങ്ങൾ മാത്രമാണ് പാഞ്ചഭൗതികമായ പ്രപഞ്ചം. ആ ഒന്ന് മാത്രമാണ് സത്യം. പ്രപഞ്ചമാകട്ടെ നശ്വരമത്രെ. സത്തയെന്ന, ഉണ്മയെന്ന ഏകത്തിന് നാശമില്ല. അതുള്ളതാണ്. ഉണ്ടായതല്ല.

ഈശ്വരൻ
---------------------
എല്ലാറ്റിലും നിറഞ്ഞു നിൽക്കുന്ന  നിറവാണ് ഈശ്വരൻ. എന്നിലും നിന്നിലും ചേതനത്തിലും അചേതനത്തിലും എല്ലാം. എല്ലാം ഈശ്വരപ്രതീകമാണ്. അതുകൊണ്ട് തന്നെ ഋഷി ഉദ്‌ബോധിപ്പിക്കുന്നു "ഈശാവാസ്യമിദം സർവം".
ഇതുതന്നെ ഭാരതത്തിന്റെ സന്ദേശം.

ഭാരതീയകവിത
-----------------------------------
സ്വാഭാവികമായും ഭാരതീയകവിത ഈ രണ്ടില്ലാത്തെളിമയിൽ അന്നും ഇന്നും നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ, ആയുധം കൊണ്ടാക്രമിച്ച്
ആശയം അടിച്ചേൽപ്പിക്കുന്ന രീതി ഭാരതത്തിനില്ല. ശ്രീവ്യാസനും ശ്രീശങ്കരനും ശ്രീനാരായണനും ആയുധമെടുത്തിട്ടില്ലല്ലോ! ഭാരതം മറ്റൊരു രാജ്യത്തെ ആക്രമിച്ച ചരിത്രമില്ല. എന്നാൽ ഈ പുണ്യഭൂമിക്ക് നേരെ എത്ര എത്ര കൈയേറ്റങ്ങൾ ഉണ്ടായി! ഭൗതികമായും ആത്‌മീയമായും! എല്ലാം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ!

നാശമില്ലാത്ത സനാതനധർമ്മം
----------------------------------------------------
ആ നാശമില്ലായ്മയുടെ പ്രഹർഷമാണ് ഭാരതീയകവിത -കല. അതുകൊണ്ടുതന്നെ അതിന്റെ കൊടിയടയാളം സത്യവും സമത്വവും സ്വാതന്ത്ര്യവും ആയേ തീരൂ. ആർഷഭൂമിയിൽ ഈ സ്നിഗ്ദ്ധതയിലൂന്നിയ
കാവ്യസംസ്കൃതി ഉയിർക്കുകയും യുഗയുഗാന്തരമായി നിലനില്ക്കുകയും  ലോകമെമ്പാടും ഈ സന്ദേശം പടർന്ന് പന്തലിക്കുകയും ചെയ്യുതിൽ എന്താണദ്ഭുതം?

പറഞ്ഞുവരുന്നത് ഇത്ര മാത്രം
---------------------------------------------------
ഭാരതീയകവിതയുടെ ശാസ്ത്രീയമായ അടിത്തറ തകർക്കാൻ ഒരു ആധുനികതയ്ക്കും ശേഷിയില്ല. കാരണം അത് ചിന്തയാണ്; ഒരുപാധിക്കും വശംവദമാകാത്ത ശുദ്ധബോധത്തിൽ പ്രകാശമായി പരിലസിക്കുന്ന അറിവെന്ന അവ്യയം.

ഭാരതഗീതം
-----------------------
ഈ 41 കവിതകൾ ഉണ്ടായവയാണ്. മനസ്സിൽ (അതോ ആഴമേറും നിൻ മഹസ്സാമാഴിയുടെ ആഴത്തിലോ!) ഉണ്ടായി; എന്റെ വിരലുകൾ  അത് ടൈപ് ചെയ്തു. അത്രമാത്രമേ എനിക്കറിയൂ. പിന്നീട് ഞാൻ  അതിന്റെ ഒരു വായനക്കാരൻ മാത്രമായി. ഏതായാലും കബീറും മീരയും തുളസിയും റഹീമും  സൂർദാസും ജയദേവരും കാളിദാസനും  നിരാലയും ആശാനും വള്ളത്തോളും  ജിയും പിയും എൻവിയും വൈലോപ്പിള്ളിയും എല്ലാം എനിക്ക് മാർഗ്ഗദർശകരായി.
ടാഗോറും അരബിന്ദോയും തീർച്ചയായും ദീപശിഖയേന്തി കൂടെ നിന്നു.

ഭാരതീയ ഋഷിയുടെ അനുഗ്രഹാശിസ്സുകൾ ഇതാ ഈ നിമിഷമായി, ഇക്ഷണമായി ഒപ്പം.

ഇനിയുമുണ്ട് എഴുത്തുകാർ
--------------------------------------------
കൂടുതൽ പറയുന്നില്ല. ഭാരതത്തിലെ പൂർവസൂരികളെ മാത്രമേ ഇവിടെ സ്മരിച്ചിട്ടുള്ളു.ഞാൻ  ലോകമെമ്പാടുമുള്ള എണ്ണമറ്റ എഴുത്തുകാരുമായി ആശയവിനിമയം ചെയ്യാറുണ്ട്. എന്റെ "ദി വൈ- The Why?" എന്ന ഇംഗ്ലീഷ് കാവ്യസമാഹാരത്തിലൂടെ (ആമസോൺ യു എസ് എ യിൽ പുറത്തിറക്കിയത്- 2014 ) ഉണ്ടായ സമ്പർക്കം വളരെ സഹായിച്ചുവെന്ന് എനിക്കുറപ്പുണ്ട്. കൂടാതെ രണ്ട് ആസ്‌ത്രേലിയൻ സന്ദർശനവും എടുത്തുപറയാവുന്ന അനുഭവമായി.

ഒരു വാക്ക് കൂടി
------------------------------
ഭാരതീയകവിതയ്ക്ക്, സാഹിത്യത്തിന്, കലയ്ക്ക്
ഭാരതീയചിന്തയുടെ, സംസ്‌കൃതിയുടെ, പ്രകൃതിയുടെ, നിറവും മണവും
എന്നും ഒരു അനുഗ്രഹം തന്നെ! ഈ സംഗീതകാവ്യം ആസ്വാദകർക്ക് ഒരു
പുതിയ അനുഭവം പ്രദാനം ചെയ്യുമാറാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു!
യുഎസ്എ യിൽ അച്ചടിച്ച് ആമസോൺ പുറത്തിറക്കുന്ന ഈ മലയാളകാവ്യം "ഭാരതഗീതം" ലോകത്തെമ്പാടും ലഭ്യമാണെന്നും ഞാൻ അനുവാചകരെ സന്തോഷത്തോടെ അറിയിക്കുന്നു.

ഡോ കെ ജി ബാലകൃഷ്ണൻ കാട്ടൂർ 680702,കേരളം, ഭാരതം.
19-7-2016

         
          









      











 
     

1 comment: