Sunday 17 July 2016

40
കാലൊച്ച  17-7-2016
---------------------------------

അകലെയൊരു കാലൊച്ച;
ആരോവരുന്നുവോ!

ആരും വരാനില്ല;നേരായ
നേരിന്
നാരായവേരായ നീയാം
പ്രഭാപൂര-
ധാരാവിശേഷമാം
കാരുണ്യമല്ലാതെ!

ആരോവരുന്നെന്ന
തോന്നലാണുള്ളിലെ
കാര്യമതിൻ മൂല-
കാരണം കാലമായ്
ആരായുവോർ കലാ-
കാരൻ കവി കാവി-
ധാരിയാം സന്ന്യാസി
ശാസ്ത്രവിശാരദൻ!

ആരും വരാനില്ല;
ഉള്ളുണർത്തും സാര-
സാരംഗപാണിയാം
ചിന്മയമല്ലാതെ!

ഉള്ളോളമെള്ളിലും
ഉള്ളിന്റെയുള്ളിലും
തുള്ളിക്കളിക്കുന്ന
സാരള്യല്ലാതെ!

അകലെയൊരു കാലൊച്ച;
അകമേ മുഴങ്ങുന്ന
അനിതരമൊരാനന്ദ-
ഗംഗാപ്രവാഹത്തിൻ
അലകളുടെ കാഹള-
ധ്വനി പകരൂ-
മറിവാം
സ്വരമധുരമല്ലയോ!

2.
സകലമറിവെന്ന്
പ്രഖ്യാപനം ചെയ്‌വൂ
പകലവൻ നിത്യസത്യ-
പ്രവാചകൻ.

പകലുമിരവും
രചിപ്പത് ഭൂമി തൻ
പുകമറയെന്ന
നേരറിവുള്ളവൻ.

ഗഗനമാമതിരറിയാ
വിഭൂതിയിൽ
പ്രഭ ചൊരിയുന്ന
നിത്യനിയാമകൻ.

സ്വയമെരിഞ്ഞു
വെളിച്ചമായ് വിണ്ണിൽ
ജയഭേരി മുഴക്കി
വാഴുവോൻ!

പാദപാതസ്വര-
കിരണങ്ങളാൽ
നാദബ്രഹ്മാനുഭൂതി
തളിക്കുവോൻ.

കാലമില്ലാ-
ക്കരുണാകരൻ; വിണ്ണിൽ
ജാലലീലകളാടുവോൻ
ഭാസ്കരൻ!
----------------------------------------------
കാലൊച്ച 17-7-16
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
Read worldwide
-------------------------------------------------


 
















No comments:

Post a Comment