Friday 17 June 2016

16
ഇന്ന് 19-6-16
--------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------

പാലാഴിത്തിരത്താളം
നീലമാമാകാശത്തിൽ
കാലമായ്ക്കാലാതീത-
ജാലമായ് നിലകൊൾവൂ!

പൂർണകുംഭമാം നിത്യം
നിശ്ശൂന്യം;സ്വരം; ഭാവം
വർണ്ണരാജിതൻ പ്രഭാ-
പൂരമേ പരിശുദ്ധം!

നിമിഷം നിമിഷത്തിൻ
ആവർത്തം ചിരചക്രം;
നിമിഷം നിമിഷമാ-
യെന്നുള്ളിലുണരുന്നു.

ഒരു നിർന്നിമേഷമാ-
യുണ്മയിൽ;
തെളിമയായ്‌ കൺകളിൽ
നിലാവായിക്കിനാവിൽ;
പുളകമായ് ജീവനിൽ
സുഗന്ധമായ്‌; രുചിയായ്
നോക്കിൽ വാക്കായ്;
മന്ത്രമായ്ക്കാതിൽ;സ്വര-
ഗംഗതന്നലയായി;
അറിവിന്നാനന്ദമായ്;
നിലയാളിടാ നീല-
നിറമായ്‌;
ച്ചിദാകാശപ്പൊരുളിൽ
മുനിയുടെ മൌനമായ്-
ചുണ്ടിൽ; നിഴൽമാത്രമായ്
സമസ്യയിൽ!


2.
വരുമെന്നോതും ചില-
നേരമെൻ മിഴിയിണ;
കരുണാമയം മൃദു-
വർണസംഗീതം മൂളും!

അരികിൽപ്പീതാംബര-
ധാരിയാമഴകിന്റെ
പരിപൂർണത;
ഇളം തെന്നലിൻ
ശ്രുതിലയം!

ഗീതഗോവിന്ദം പാടി
മധുമക്ഷികം; രാഗം
കുറുകിക്കുരുവികൾ;
കവി ഞാനാത്മാരാമൻ!


വേണുവിന്നീണം കേൾക്കാം;
ദൂരെ കാർവർണൻ കണ്ണൻ
കാലിമേയ്ക്കയാം; വന-
മാലി;യാദവബാലൻ!

അല്ലായ്കിലമൃതയാം
യമുനാപുളിനത്തിൽ
കല്യാണരൂപൻ രാധാ-
രമണൻ രൂപാതീതൻ
കണ്ണിനുകാണാനാവാ
സചിദാനന്ദം; സദാ
കണ്ണിനു കണ്ണാം മണി-
വർണ്ണനാം മായക്കാരൻ
അമ്മയ്ക്ക് കാണാനായി-
ക്കന്മഷം കാട്ടിക്കള്ള-
 ക് കൃഷ്ണനായ്‌ച്ചമഞ്ഞവൻ;
മാധവൻ; ലക്ഷ്മീകാന്തൻ!


3.
ഇനിയും കഥയുണ്ട് പറയാൻ
പലതായി;
ഇനിയും നിലാവുണ്ട് പൊഴിയാൻ
കിനാവായി!

 ഉള്ളിലുണ്മയായെന്നിൽ
പള്ളികൊള്ളുന്നു;
സ്നേഹം;
ഇന്നിനെപ്പുണരുവാൻ;
നാളെയായ്പ്പടരുവാൻ!
------------------------------------------
ഇന്ന് 19-6-16
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
---------------------------------------------































   

No comments:

Post a Comment