Thursday 16 June 2016

15
ധ്വനി
--------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
17-6-2016
-------------------------------------------
ചെന്താമരയിലും
ചെമ്പനീർപൂവിലു-
മെങ്കരൾച്ചോപ്പിലും
തിങ്കൾക്കലയിലും
ചെന്തീദളത്തിലും
മന്ദ്രമധുരമാം
മന്ദഹാസത്തിലും!

സംഗീതധാരാമൃതത്തി-
ന്നിനിപ്പിലും
ചിന്താദ്രുമത്തിൻ
ഫലത്തിലുമൊന്നായി
തിങ്ങി നിറഞ്ഞു
പരിപൂർണമാം സ്വര-
ബിന്ദുവായ് മാമുനി
ചൊല്ലിയുറപ്പിച്ച
നേരിൻ നിരാകാര-
നിർഗ്ഗുണനിത്യ-
നിരന്തരസർവമായ്!

ഊർജകണത്തിന്നൊഴുക്കായ്
പ്രഭാപൂരമംഗളരൂപിയായ്
"കോടി ദിവാകരരൊത്തുയരും പടി"
ഭൂതിചൊരിഞ്ഞതിസൂക്ഷ്മമമാം
അന്വയമുക്തം
നിരൂപനിരുക്തമായ്!

പിന്നെയും പിന്നെയുമെത്ര കവീന്ദ്രരും
ശാസ്ത്രവിശാരദർ പണ്ഡിതശ്രേഷ്ഠരും
വ്യഷ്ടി-സമഷ്ടിയെ നിർവചിച്ചൂ; സത്യ-
ചിത്രം രചിക്കുവാനുക്തിതൻ നാൾവഴി
തേടി!
ഇനിയുമാ
ചിത്രപേടക-
മെന്നുള്ളിനുള്ളിൽ;
സുന്ദരചൈതന്യ-
മെന്ന വിശേഷമായ്
സംപൂജ്യജ്ജ്യോതിയായ്
സംഗീതസാന്ദ്രമായ്
രാഗസഹസ്രമായ്!

ഉണ്മയിലൂറുമമൃതമായ്‌  വിസ്മയം
വെണ്മയായ് വെണ്ണിലാവായി
സ്വയം സ്നേഹ-
ഗംഗാതരംഗമായ്
ഗംഗാധരനുടെ
ശൃംഗാരഭാവമായ്
ഭാരതപുത്രനെ-
ന്നംബാപ്രസാദമായ്!

എല്ലാമൊരു തുള്ളി
ഗംഗാസലിലത്തിൽ
കല്യാണരൂപമെടുക്കുമെന്നും
നിത്യനിർവാണനിമഗ്നമായ്
ചിത്തത്തിൽ
സത്യം പുലരിയായ്
വിരിയുമെന്നും
ഋഷി പാടി പണ്ടേ;
അതിൻ ധ്വനിയല്ലയോ
മതിയിൽ മുഴങ്ങുമീ
ശംഖനാദം!
-------------------------------------------------
15
ധ്വനി
ഡോ കെ ജി ബാലകൃഷ്ണൻ 17-6-2016
Amazon.com Author
----------------------------------------------------------




 





 











No comments:

Post a Comment