Friday 6 May 2016


6.
പകപ്പാട്ട്
----------------------------------------------- ------------
ഡോ കെ ജി ബാലകൃഷ്ണൻ 15 -5-2016
------------------------------------------------------------
 
    പണ്ടേയിതൊക്കെപ്പറഞ്ഞു നീ; ചെമ്മലർ-
ച്ചെണ്ടായ് വിരിഞ്ഞു വസന്തം;
ഗന്ധം ചൊരിഞ്ഞു;
സുവർണ്ണം വിളഞ്ഞു; പൊൻ-
ചെന്താമരപ്പൂ മിഴി തുറന്നു.

വെള്ളിവെളിച്ചം
കണ്ണിലും കാതിലും
തുള്ളിത്തുളിച്ചു
സ്വരം ചമച്ചു!
കള്ളനു കാവലാം
കൂരിരുൾച്ചാർത്തിന്
സുല്ല് പറഞ്ഞു
പ്രഭാതസൂര്യൻ
ചെങ്കതിർ മാലയാൽ
തോരണം ചാർത്തി ഭൂ-
മങ്കയ്ക്ക് മംഗല്യ-
പ്പന്തൽ തീർത്തു!

വന്നു സ്വയംവര-
കന്യകയ്ക്കായിരം
മന്നവ ശ്രേഷ്ഠരും
തോഴിമാരും;
എന്നാലൊരു രാജ-
രാജനെക്കാത്തവ-
ളെന്നും തപവും ജപവുമായി!
വെള്ളക്കുതിരക്കുളമ്പടി കേൾക്കെത-
ന്നുള്ളം തുടിക്കും
നിമിഷമോർത്തു
തുള്ളുന്നു;
കോമയിർക്കൊള്ളുന്നു;
രാപ്പകൽ
തള്ളുന്നു; ---
കാലപ്രവാഹമായി!

ആറ് ഋതുക്കളാൽ
വട്ടം കറങ്ങുന്നു---
നൂറു പൂ ഭൂവിൻ
കരളിലുണർന്നു;വെൺ-
താരങ്ങൾ നീളെ
മിഴി തുറന്നു.

എഴിലംപാലയും
ആഴിത്തിരകളും
മാർകഴിമാസവും
പൂത്തിറങ്ങി.

മഴമുകിൽ മാനത്ത് ചിത്രം
മെനയവേ
പുഴയുടെയുൾത്തടം
തുടിതുടിച്ചു;
കടലിനെപ്പുണരുവാൻ;----
സിരയിലെവേവാറി
കടലും കടന്നു
പിടപിടയ്ക്കാൻ.

2.
"മലയപ്പുലയനാ
മാടത്തിൻ മുറ്റത്ത്‌
മഴവന്ന നാളന്നു
നട്ട വാഴ"
(ഇനിയും കുലച്ചില്ല;
വളമായ വളമൊക്കെ
കള തിന്നു;)
അനുദിനം
വിളറി മെലിഞ്ഞു
വെളുത്തു വന്നു.

കളകളോ നിത്യം
തഴച്ചു കൊഴുത്തു വൻ
വനമായി;
മാതേവൻ
മണ്ടനായി!

മലയപ്പുലയനൊ
മണ്ണോടു ചേർന്നിട്ടു
നാളേറെയേറെ-
ക്കഴിഞ്ഞുപോയി!

"തങ്ങളെത്തങ്ങളാൽ
തങ്ങൾ ഭരിക്കുന്ന
മംഗല്യമാർന്ന
ഭരണക്കൂടം"
എന്നേ മരിച്ചു;
മനസ്സിലെപ്പച്ച പോൽ
പൊള്ളും വെയിലിൽ
ക്കരിഞ്ഞുപോയി!

കണ്ണുനീർ തുള്ളി-
യൊരിത്തിരി-
യിത്തിരി
മണ്ണിലും
മാറിലും
ബാക്കിയായി!

വെള്ളക്കുതിരമേ-
ലെന്നെഴുന്നള്ളുമാ
മന്നവൻ
മാർത്താണ്ഡ-
ദേവനായി!

ഏഴു സ്വരങ്ങളു-
മേഴുനിറങ്ങളു-
മേഴായിരം രാഗ-
രാജിയായി
വിണ്ണിലും മണ്ണിലു-
മൊന്നായ് നിറയുമാ
വെണ്ണിലാ പൂക്കും
സുഗന്ധസ്വപ്നം!

കണ്ണിലും കാതിലു-
മെണ്ണിയാൽത്തീരാത്ത
കന്നിക്കതിർക്കുല-
ച്ചേലിൽ മുങ്ങി-
വിങ്ങി വിലസുന്ന
കൊയ്ത്തുപാടം
എന്നിനിയെന്നിനി
പുത്തൻ തലമുറ
നിത്യം കണികണ്ടു
നൃത്തമാടും!

ചിത്തിരപ്പാടത്ത്
ചെത്തച്ചുവടുമായ്
കൊയ്ത്തരിവാളിൻ
കിലുകിലിലുക്കം
ഉത്സവവേളയിൽ-
ത്തപ്പുതകിലിന്റെ
മത്സരം പോലെ-
പ്പതഞ്ഞു പൊങ്ങും!

3.
കണ്ടു ഞാനിന്നലെ
'വോട്ടുവാൻ' ചീറുന്ന
നാട്ടു നിരത്ത്-
തിരക്കിൽ മുങ്ങി
അങ്ങിങ്ങ് തോരണം;
വർണവിലാസങ്ങൾ;
കൊടിയടയാളങ്ങൾ-
കെട്ടുകാഴ്ച!

കേട്ടുഞാനിന്നലെ
താണ്ഡവതാളത്തിൽ
വോട്ടിനായ്ത്തരികിട-
തപ്പുമേളം;
(ആരുമറിയാതെ
രാവിന്നിരുൾച്ചാർത്തിൽ
നേരറിയാവഴി-
വോട്ടുലേലം!)

4.
കണ്ണ് തിരുമ്മി-
യുണർന്നെഴുന്നേൽക്കട്ടെ-
മണ്ണിൻ പുതുമണം
പൊന്തുമീമാത്രയിൽ!
വോട്ടുപൂരത്തിനായ്-
പ്പോകുവാനിത്തിരി-
കട്ടൻ കടും കാപ്പി-
യിട്ടു കുടുംബിനി
കാത്തിരിപ്പുണ്ട്;
(മഴ കനക്കും മുന്പെ
പോയ് വരാമെന്നു
തിരക്ക് കൂട്ടുന്നു ).

കരളിൽ ച്ചൊരിയുന്നു
തീമഴ പേമഴ!
കരയുവാൻ കണ്ണുനീരില്ലാതെ-
യെൻ വ്യഥ!

പുകയുന്ന തീമല;
നെറികേടുകൊണ്ടെൻറെ-
യകതാരിൽ നീ തീർത്ത
അണയാപ്പകമല!
-------------------------------------


* എൻ വി യുടെ തൃപ്പാദങ്ങളിൽ
--------------------------------------------------
-----------------------------------------------
 dr.k.g.balakrishnan 16-5-2016
9447320801
drbalakrishnankg@gmail.com
------------------------------------------------
  -

















-------------------------------------------



 






































  

No comments:

Post a Comment