Saturday 21 May 2016

7.
ഗുരുവും
മൈക്കേൽ ഫാരഡെയുടെ മൊഴിയും
   22-5-2016 
-------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ 
---------------------------------------------

പറയുന്നു *മാമുനി:
നിറമാർന്ന നിഴലുകൾ 
നിറപറ വയ്ക്കുന്നു 
നേരമായി;
നിരനിരെപ്പൂക്കുന്നു;
കായ്ക്കുന്നു;
മൂത്തുപഴുക്കുന്നു;
പിന്നെയും 
ധരണിയിൽ വീണു 
മുളയ്ക്കും തുടി പുതു-
മിഴിവായുയിർക്കുന്നു;
കനവായ്ത്തളിർക്കുന്നു;
പുതുമഴത്തുള്ളി നിൻ 
കനിവായ്, 
വെളിച്ചമാമന്നമാ-
മതിസൂക്ഷ്മസൂത്ര-
സുഗന്ധവിശേഷവിലാസമായ്;
വിസ്മയവിശ്വമായ്;
വിണ്ണിൽ
നിറവാമറിവിൻ സ്ഫുരണമായ്! 


2.

പൂനിലാത്തുള്ളിയും
പൂമണത്തെന്നലിൻ 
ചാരുകടാക്ഷവും
രാഗവിസ്താരവും
ഓരോ നിമേഷവും
ശ്വാസനിശ്വാസവും
നീരദനീലമാം
വർണ്ണപ്പൊലിമയും
രാവും പകലും പുലരിയും
പാർവണ-
സാരത്തിൽ നീന്തും
മനസ്സിൻ ലഹരിയും
ഒന്നുമനന്തവുമൊന്നെന്ന
സത്യവു-
മിന്നെന്ന ഭ്രാന്തിയും
സർവ്വം സമസ്തം
നിരൂപനിമന്ത്രണം!

3.

പാതിമിഴിയും മിഴി-
യെനിക്കേകിയ
നീതിയതെന്തെന്ന
നേരറിയുന്നു ഞാൻ!

കാണുന്ന കാണലിൻ
കാണാമറയത്ത്-
കാണുവതെന്തെന്ന്
കാണുവാനാവാതെ
കേണു തിരയുടെ
കാണാപ്പുറം തേടി-
ത്തേടിയലയും
കിശോരകനാണ് ഞാൻ!

ശ്രീചിത്രവീണതൻ
തന്ത്രിയിൽ നിത്യമാം
മന്ദ്രമന്ത്രശ്രുതികളായ്
സാന്ദ്രമാം
ചിന്തതൻ ധന്യനിമിഷ-
പ്രകാശമായ്
ചിന്തുമീനേരമൊന്നു
താനല്ലയോ
പാഞ്ചജന്യം മുഴക്കും
മുകുന്ദന്റെ
സാന്ത്വനത്തിൻ
പരിമാണകൌതുകം!

4,

*"ചുവരെഴുത്തുകൾ
വായിച്ചു കേൾപ്പിക്കും
പഥസുദർശകൻ
മാത്രമാകുന്നു ഞാൻ!"


5.
*"അറിയുമക്ഷര-
മറിവാം  ചിരാതിലെ-
ത്തിരികൊളുത്തുവോൻ
നീതന്നെയല്ലെയോ!

അവിടെയുള്ളതാ-
ണിവിടെയുമുള്ളതെ-
ന്നറിയുമെന്മനം
നിത്യനിരാമയം!

ഇവിടെയൊന്നുമേ
പുതുതായ് മെനയുവാ-
നറിവെനിക്കില്ല;
സകലവുമുണ്മതാൻ!"
------------------------------------------
*ഭാരതീയ ഋഷിപരമ്പര
 *Michael Faraday :
"I cannot do better than to read to you
the words of the Scripture instead of
multiplying my own words."
*ശ്രീനാരായണഗുരു,
ആധുനിക ശാസ്ത്രം,
Law of conservation of Energy.
-------------------------------------------
ഗുരുവും
മൈക്കേൽ ഫാരഡെയുടെ
മൊഴിയും  22-5-2016
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------















  
   
    

No comments:

Post a Comment