Monday 21 March 2016

സ്വരബിന്ദു 7.
3.ഭാസ്കരൻ
ഡോ കെ ജി ബാലകൃഷ്ണൻ
21-3-2016
-----------------------------------------

നീ സ്വയം ജ്വലിക്കുന്നു;
കാലമായ്; വെളിച്ചമായ്
ഭൂവിന് ജീവസ്പന്ദ-
ജാലമായ് *സവിതാവായ്!

നിമിഷം നിമിഷമായ്
നീങ്ങുന്നു നേരം
നീയോ
നിമിഷം പോലും മുറ
പിഴയാതെരിയുന്നു!

നീയല്ലോ പ്രഭാകരൻ;
നീയല്ലോ ജ്യോതിർമ്മയൻ;
നീയല്ലോ ദിവാകരൻ;
ത്രേതാഗ്നി തെളിക്കുവോൻ!

കാലമായ്ക്കാലാകാലം
ലീലയാടുവോൻ വിണ്ണിൻ
ജാലകം തുറക്കുവോൻ
ഗഗനം ഭരിക്കുവോൻ!

സാഗരത്തിരകളാൽ
നീരദനിരതീർക്കും
ജീവകാരകൻ; നേരിൻ
നയനപ്രകാശകൻ!

പകലോൻ; പ്രഭാതവും
സന്ധ്യയും തുടങ്ങിയ
*ഭുവനപ്രതിഭാസ-
മൊക്കെ നിൻ മായാജാലം!

സൌരയൂഥത്തിൻ കേന്ദ്ര-
ബിന്ദുവിൽ നിലകൊള്ളും
ഗൌരവസ്വരൂപനാം
രാജാധിരാജൻ ഭവാൻ
ഓരോരോ നിമിഷാംശ-
സൂക്ഷ്മവും നിയന്ത്രിച്ചു
സാരമായ് ചരാചര-
സ്പന്ദമായ് നിലകൊൾവൂ!

നിന്നിലുൾവെളിച്ചമാ-
യുണ്മയായുണർച്ചയായ്
നിന്നിടും നിരാകാര-
നിർഗ്ഗുണസമന്വയം
തന്നെയെന്നിലും  മഹാ-
വിശ്വവിസ്മയത്തിലു-
മെന്ന് മാമുനി ചൊന്ന
പഞ്ചമം പരമാർത്ഥം!

2.
എന്നിൽ നീയൊഴുകുന്നു
*രുധിരം; ജീവസ്പന്ദരൂപകം;
ഒരായിരം മൂലകസമസ്യകൾ
യൌഗികവിലാസങ്ങൾ;
ഇനിയുമറിയുവാനേറെയുണ്ടതിൻ ഭാവ-
സാഗരസംഗീതങ്ങൾ;
ആയതിന്നാഴം വ്യാപ്തം
മേളനം;
ഞാനാം
അജ്ഞൻ
ഇരുളിൽ പരതുന്നു!

കുറിപ്പ്
----------------
*നിരുക്തം  ഓർക്കുക
*ഭൂമിയുടെ തിരിച്ചൽ
സമയം കുറിക്കുന്നു 
*ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ
അറിവ് ഇപ്പോഴും പരിമിതം
---------------------------------------------------------

സ്വരബിന്ദു 7.
4.ഭാസ്കരൻ
ഡോ കെ ജി ബാലകൃഷ്ണൻ
22-3- 2016
------------------------------------------------------------

  
  










No comments:

Post a Comment