Monday 21 March 2016

സ്വരബിന്ദു 7.
4. വെയിൽ
ഡോ കെ ജി ബാലകൃഷ്ണൻ
22-3-2016
---------------------------------------------

ആതപമാണ് നീ;
ഭൂവിത് നിർജ്ജീവ-
ഭൂതമായ് മൂകം
മണൽപ്പറമ്പായ്-
ത്തീരുമായിരുന്നേനെ;
ഹേ! ആദിത്യദേവ!
സുകൃതമാകുന്നു നീ!

മകരപ്പുലരിയി-
ലിളവെയിൽ കായും
സുഖമെൻ മനസ്സിൽ
കുളിർ കോരിടുന്നു.

അമ്മതൻ മാറത്ത്
ചായുറങ്ങും പൈത-
ലാളെന്ന പോലൊരു
തോന്നലുൾപ്പൂവിൽ
മധുകണമാകുന്നു.

ഒരു മൃദുമാരുതൻ
താരാട്ട് മൂളുന്നു;
ഹൃദയം സ്വരസുധാ-
രാഗം മെനയുന്നു!

ആറു ഋതുക്കളായ്
വട്ടം കറങ്ങുന്ന
ചിത്രം വരയ്ക്കുന്നു;
കാലയവനിക
പൊങ്ങിയും താണും
നിരന്തരം കൃത്യത
ചേലോടെ പാലിച്ചു
പോരുന്നു; നേരം വെളുക്കും
കറുക്കും വെളുക്കുമീ
ചക്രം നിരന്തരം
നിത്യം രചിക്കുന്നു!
സത്യം ജയിക്കുന്നു!

ഏഴു നിറങ്ങളൊ-
ളിഞ്ഞിരിക്കും സ്വര-
മേഴുമൊരേ സ്വരബിന്ദുവിൽ
നീയാം പൊരുളായി;
താരകൾ
പാടും ശ്രുതിയായി;
അന്തമെഴാതുള്ള
അംബരവീഥിയിൽ;
നാദതരംഗമായ്;
ഓങ്കാരബ്രഹ്മമായ്!

2.
നീ നിത്യമാട്ടെ
നിരന്തരമാട്ടെ
നിരാമയമാട്ടെ;
നീ
തന്നെയിപ്പൊൻവെയിൽ!

കാഴ്ചയിൽ കേൾവിയിൽ
നാവിൽ സുഗന്ധത്തിൽ
സ്പർശത്തിൽ
നീയുണർത്തുന്നു
സംവേദനം!

ഇക്ഷണസൂക്ഷ്മത്തി-
ലുയിരിടും കർമത്തിൻ
ലക്ഷണലക്ഷ്യങ്ങൾ
നീതന്നെയല്ലയോ!

ഇക്ഷണമായി-
പ്പരിലസിച്ചീടു-
മക്ഷയപാത്രവും
നീ തന്നെയല്ലയോ!
----------------------------------------------
സ്വരബിന്ദു 7.
 4.വെയിൽ
22-3-2016
ഡോ .കെ ജി ബാലകൃഷ്ണൻ
---------------------------------------------------
















No comments:

Post a Comment