Saturday 19 March 2016

സ്വരബിന്ദു 6.
6.അമരം
ഡോ കെ ജി ബാലകൃഷ്ണൻ
19-3-2016
---------------------------------------------

അമരമാണറിവെന്ന്
ഗുരു ചൊന്നു; പൊരുളതി-
കമനീയമാണെന്നു-
മരുൾചെയ്തു;"സൌന്ദര്യ-
ലഹരി"യിലാചാര്യർ
ചിരമാം സുകുമാര-
ഭാവമാമനുഭവം
സ്വരരാഗസുധയായി
ഹൃദയാന്തരാളത്തിൽ
നിറയെ നിറയെ
പകർന്നു തന്നു!

അതുതന്നെ നീയെന്ന്
നീ തന്നെ ഞാനെന്ന്
നേരാമതൊന്നെന്ന്
ഭരതഭൂവിന്റെ
ഓരോ മണൽത്തരി-
യോതുന്നതും മുനി
പാടിയുറപ്പിച്ചു
തന്നതാം പൈതൃക-
മാണെന്നതും, കവി
കാവ്യം ചമച്ചു;
ചിദാകാശവീഥിയിൽ
താരാഗണങ്ങളായ്
നീളെ നിരന്നൊളി
ചിന്തുന്നു കാലമായ്!

ഓരോ പുതുചിന്ത
ശാസ്ത്രം തൊടുക്കവേ,
ആയതിൻ
മൂലസ്ഫുരണം
ഈ മംഗള-
ഭൂവിൽ നിന്നെന്നതാം
സത്യം സിരകളിൽ
ചാർത്തുന്നു കൌതുകം!

പൂർണമെന്നെന്നേയറിഞ്ഞു
മഹാമുനി;
ഒരു തരി പോലും
ഒടുങ്ങില്ലയെന്നും!

നിമിഷമിതിന്നലെയാകുന്നു;
എന്നാൽ
നാളെയായ് വീണ്ടും
പിറക്കുവാനായി
ഈ ഗർഭപാത്രത്തിൽ
ഒളിയുന്നു; സർവ്വം
പരിപൂർണമെന്നേ
പറയുന്നു ശാസ്ത്രവും!

ഓരോ നിമിഷവുമൊന്നിൻ
നുറുങ്ങുകൾ;
നേരാം പ്രകാശപ്പൊലിമ തൻ
തുണ്ടുകൾ!

രാവും പകലുമൊരേ
മിഥ്യ തീർക്കുന്ന-
താണെന്ന നേരാം
ഭൂവിൻ കറക്കം!

സൂര്യനുദിക്കാതെ
അസ്തമിക്കാതെയീ ലോക-
കാര്യങ്ങൾ
നിരന്തരം വീക്ഷിച്ച്
സാമവേദം പാടി
നിർനിമേഷം
സ്വയമെരിയും
വിളക്കായ്
ജീവസ്ഫുരണമായ്!

അമരമായ്
നിത്യനിരന്തര-
മൊന്നിൻ പ്രതി-
ഫലനമായ്;
എന്നുള്ളിലുണരും
സുഗന്ധമായ്‌!
------------------------------------------------
സ്വരബിന്ദു 6.
6. അമരം
ഡോ കെ ജി.ബാലകൃഷ്ണൻ
19-3-2016
---------------------------------------------------




















No comments:

Post a Comment