Friday 18 March 2016

സ്വരബിന്ദു ഭാഗം 6.
4.*അഭിജ്ഞാനം
ഡോ കെ ജി ബാലകൃഷ്ണൻ
18-3-2016
------------------------------------------
എന്നുള്ളിനുള്ളിലു-
ണ്ടടയാളമൊന്നതി-
നുണ്മയെന്നാരേ
നിറം പകർന്നു!

അറിവെന്നു മുനി ചൊന്നു;
നിറവെന്നു കവി പാടി;
കനകക്കനവെന്നു
കാമുകൻ മൊഴിയാടി;
നിമിഷവും പുതുചിത്ര-
മുണരുന്ന പ്രതിഭാസ-
മുറയെന്നു ഭൌതികം;
ചിരമെന്നു മുനി വീണ്ടും;
സ്വരമെന്നു സാത്വികൻ;
മനതാരിലൊളിയുന്ന
മധുവെന്ന് താപസൻ;
ഒന്നെന്ന് ദർശനം;
ഉള്ള വെളിച്ചമാ-
ണെന്ന് ഗുരുവരുൾ!

നീലക്കടമ്പിന്റെ കൊമ്പിൽ;
കുരുക്ഷേത്ര-
സംഗ്രാമഭൂവിൽ;
മുരളികയൂതിയ
സംഗീതഗീതാമൃതം!

പാഞ്ചജന്യത്തിന്നക-
ക്കാമ്പിൽ നിന്നുണർ-
ന്നന്തരംഗത്തിൽ
മുഴങ്ങിയ സദ്‌ധ്വനി!

ഈരേഴു ലോകങ്ങൾ
നീളെയൊഴുകിയ
ചേതോഹരം നിത്യ-
സത്യസംവേദനം!

അയ്യായിരമാണ്ട് മുന്നെ
ദിഗന്തങ്ങ-
ളെട്ടും സഹർഷം ഹൃദന്തത്തി-
ലാവാഹനം ചെയ്ത നാദം!

അഞ്ചു ഭൂതങ്ങളി-
ലാകെ പൊൻനൂലായി
ചന്തം പകരുമവാച്യ-
സുഗന്ധമായ്‌
അക്ഷരസൗഖ്യമായ്
അലിഖിതമേതോ
നിരാകാരമൌനമായ്
ആകെതുകയെന്ന്
കൌതുകം പൂണ്ട്,
സമസ്യയെന്നാധികൊണ്ടായിര-
മായിരം ഋഷി-കവി-ശാസ്ത്ര-
വിശാരദർ
മനനമാം
ജപതപസാധന ചെയ്ത് കൈവല്യമായ്
കൈവന്ന
*അറിവിൻ പ്രഭാപൂരമാം
സ്വരബിന്ദുവായ്!



*Knowledge
 *Self Realization

------------------------------------------------------------------
സ്വരബിന്ദു 6.
4. അഭിജ്ഞാനം
ഡോ കെ.ജി.ബാലകൃഷ്ണൻ
19-3-2016
--------------------------------------------------------------------










 

   

No comments:

Post a Comment