Monday 14 March 2016

സ്വരബിന്ദു ഭാഗം 6
2.അക്ഷം
ഡോ കെ.ജി.ബാലകൃഷ്ണൻ
---------------------------------------------

ആരെണ്ണ പുരട്ടുന്നു
ഹാ!
മഹാവിശ്വാക്ഷത്തി-
നാരു സാരഥി? നേരാം
പഥദർശകനാരോ!

അകമേ വിരാജിക്കു-
മാദിയന്തവുമെഴാ
സാഗരസംഗീതത്തിൻ
സംവിധായകനാരോ!

ഒരു സുസ്വരബിന്ദു-
ചിരമായ്
നിരന്തരപരമാർത്ഥമായ്
മൂലസ്പന്ദമായ് പ്രണവമായ്

ചേതനമചേതന-
ഭേദസാംഗത്യം സൂക്ഷ്മം
ചോദ്യചിൻഹമായുള്ളി-
ലുണ്മയായ് നിറയുന്നു!

എന്നിലെ ഭിഷഗ്വരൻ
ശ്രവിക്കും മിടിപ്പിന്റെ
സന്നിവേശനം, താളം,
ലയവും നീയാകുന്നു!

പൂവിലെ മധു പോലെ
നാവിലക്ഷരം പോലെ
ഭൂവിന് തപം പോലെ
ജീവനിൽ നിൻ സാന്നിദ്ധ്യം!

പഞ്ചഭൂതമായ്പ്പുറ-
മുണ്മയായകം;
സർവ-
സഞ്ചയമൊരേ സ്വര-
ബിന്ദുവിൻ പ്രഭാപൂരം!

ആയിരം നാവാൽപ്പാടി-
യാടുവാൻ; നിരാമയ-
ഭൂതിയിൽ മഹാഋഷി;
കവിയും ശാസ്ത്രജ്ഞനും!

ഭാരതകവിതയിൽ
സമയമെഴുതിയ
സാരസംഭവമല്ലോ
ഭഗവദ്ഗീതാസാക്ഷ്യം!

ഏതൊരു പുതുപുത്തൻ
കവിയായ്‌ച്ചമഞ്ഞാലും
നേരിത് നിരർത്ഥക-
മാകുമോ നിന്നാഖ്യാനം?

പാടുക പാടിപ്പാടി
നിത്യസത്യത്തിന്നാഴം
തേടുക; മുകരുക
ശാന്തി തൻ
സാന്ദ്രാനന്ദം!

ഈ മഹാപ്രപഞ്ചവും
ചൈതന്യവായ്പും ഞാനും
പ്രേമമാമേകം നാദം;
പ്രണവോദ്‌ഭവം ഭാവം!

ഇനിയും നിരാകാര-
നിത്യത്തിൻ സൗമ്യസ്വര-
മറിയാ മനം മീട്ടു-
മാന്ധ്യത്തിന്നപസ്വരം

ഇരുളായ്പ്പിറന്നേക്കാം;
ഭാരതമാഹായുദ്ധം
മനമാം കുരുക്ഷേത്ര-
ഭൂവിലും മഹിയിലും.

ചരിത്രമതിൻ സാക്ഷി;
കവിപുംഗവൻ സാക്ഷാൽ
"തരിശിൽ" കാവ്യം തീർത്ത
പശ്ചിമപ്രഭാകരൻ;
പിന്നെയോ വില്യം ബട് ളർ;
അങ്ങനെ വേദവ്യാസമുനിതൻ
കാൽപ്പാടുകൾ
തേടുവോരെല്ലാം;
പക്ഷെ
ഏവരുമൊരെ സ്വര-
മാലപിക്കുന്നു;തീരാ-
ജ്വാലയായ് വിലസുമീ
ജീവധാരയെപ്പറ്റി!
---------------------------------------------------------------
സ്വരബിന്ദു ഭാഗം 6.
2,അക്ഷം
ഡോ കെ ജി ബാലകൃഷ്ണൻ
15-3-2016
------------------------------------------------------------------


 













       






 

  

No comments:

Post a Comment