Wednesday 30 March 2016

സ്വരബിന്ദു 5.
7.*സാഗരം
ഡോ കെ ജി ബാലകൃഷ്ണൻ
30-3-2016
---------------------------------------------

ഓരോ നിമിഷവു മോരോ പുതുരാഗ-
ധാരാമൃതം നിന്നിലാര് പെയ് വൂ!
ഉള്ളിന്റെയുള്ളിൽ സുഗന്ധമായെപ്പോഴും
വെള്ളിവെളിച്ചം തുളിപ്പതാരോ!
കാകോളമെല്ലാം കുടിച്ചു തീർക്കുന്നു നീ
സാകൂതമെന്നെത്തുണച്ചിടാനായ്!
സാഗരമെന്നു പേർ തന്നൂ;അഗരമായ്
ലോകപരിരക്ഷ ചെയ്കയാലെ;
സാർത്ഥകമായ് നീയരുളുന്നു ജീവന-
തീർത്ഥമായ് വർഷപ്രഹർഷപുണ്യം!

2,
ഇന്നലെയെ സ്ഫുടം ചെയ്തുസൂക്ഷിപ്പു നീ-
യിന്നായ്പ്പുലരിയായ് കൺ തുറക്കാൻ;
താമരപ്പൂക്കളായ് താരകൾ ഭൂമിയിൽ
സാമസംഗീതം പൊഴിച്ചിറങ്ങാൻ!
സപ്തസ്വരങ്ങളാമപ്സരകന്യകൾ
നൃത്തം ചവിട്ടും തരംഗമായി
ചിത്രം വരയ്ക്കുന്നു മായ്ക്കുന്നു
പിന്നെയും
ഹൃത്തടം സത്യമുരുവിടുന്നു!
കാലം കവിതയായ്; നീലനിലാപ്പുഴ
ജാലം രചിപ്പൂ വിചിത്രമായി!
നാളയെത്തീർക്കുവാനായി
ദിവാകരൻ
കാളുന്നു
ലോഹമുരുക്കൂന്നു
നിത്യമായ്
നാളുകൾ നീളെയുണർന്നിടുന്നു!

3.
രത്നാകരമായി
സത്യധർമ്മങ്ങളെ
ഗർഭഗൃഹത്തി-
ലൊളിച്ച് വെച്ചും
സർവ്വ  പാപങ്ങളും
പുണ്യങ്ങളും തന്നിൽ
നിർമ്മലനിത്യമായ്
സ്വീകരിച്ചും
ചാരുകടാക്ഷങ്ങൾ
രാപ്പകലില്ലാതെ
തീരാത്തിരകളി-
ലന്വയിച്ചും
സർവ്വം സഹിച്ചും
ത്യജിച്ചുമുൾക്കൊണ്ടും
ഗർവം നടിച്ചും
സമസ്യയായും
സ്‌നേഹം പൊഴിച്ചു-
മനന്തമാം സാഗര-
മുള്ളം നിറഞ്ഞു കവിഞ്ഞു-
മുള്ളിൽ-
ക്കള്ളക്കറുമ്പ-
നനന്തമാം ബ്രഹ്മമായ്
വിശ്വമായ് വിഷ്ണുവായ്
വിണ്ണായ് വിലാസമാ-
*യൂർജ്ജമായി!

4.
കണ്ണായ് മനസ്സായ് സനാതന-
സത്യമായ്
*സൌന്ദര്യമാ-
മനുഭൂതിയായി!
----------------------------------------------
കുറിപ്പ്
---------------
  *പ്രളയപയോധി
   * Quantum Theory
*സൌന്ദര്യലഹരി
-----------------------------------------------
സ്വരബിന്ദു 5.
7. സാഗരം
31-3-2016
-----------------------------------------------




 

   





No comments:

Post a Comment