Friday 11 March 2016

സ്വരബിന്ദു ഭാഗം 5.
6.അറിവ് 
ഡോ കെ.ജി.ബാലകൃഷ്ണൻ 
12-3-2016 
--------------------------------------------------- 
പൂർണമെന്നാചാര്യനോതി; നാദ-
ബ്രഹ്മമാം സർവ്വം സമസ്തം.
ശംഖധ്വനിയതോങ്കാരം; രാഗ-
സംഗം വിലയനം നിത്യം!

പാഞ്ചജന്യത്തിൻ മുഴക്കം; കേൾപ്പു;
പഞ്ചരസത്തിൻ പ്രതീകം!
ഭാരതയുദ്ധത്തിനായി;ചിത്ത-
ഭൂവിൽ നിരന്നു രഥങ്ങൾ!

പാണ്ഡവകൌരവസേന; രണ-
താണ്ഡവാരംഭം കുറിച്ചു!

അർജുനനുള്ളിലുദിച്ചു; സ്നേഹം;
ഗർജനം താനെ നിലച്ചു!

കർമകാൺഡത്തിൻ മഹത്വം; നിത്യ-
ധർമമെന്നോതി കാർവർണൻ!
പാർത്ഥനു സാരഥിയുള്ളിൽ; സത്യ-
രൂപനാം വേണുഗോപാലൻ!
കൊലക്കുഴലൂതി; സാക്ഷാൽ
ഗീതയാം ജീവിതഗാഥ!

ഭാരതഭൂവിലെ കാറ്റും; ധർമ-
കർമങ്ങളാമാഗ്നിനാളം
ആളിപ്പടരുവാനായി; ഉല
ഊതി പ്പെരുപ്പിച്ചു ചാലെ!

അഷ്ടാദശാധ്യായി; യെട്ടു
ദിക്കിലും നേരായ് പ്പരന്നു;
പണ്ഡിതപാമരഭേദം; തൊട്ടു
തീണ്ടാതെ ലോകമറിഞ്ഞു.

ആയിരം നാവുകൾകൊണ്ടും ; ചൊന്നു
തീരാ സ്വരാക്ഷരമായി
ഓരോ നിമിഷവും പുത്തൻ; പുത്ത-
നർത്ഥം പ്രഭാപൂരമായി
ചിത്തം നിറഞ്ഞു കവിഞ്ഞും
സത്യം തെളിഞ്ഞു വിളഞ്ഞും
ഉൾത്തടം തന്നിൽ സുഗന്ധം; പൂത്തു-
പൂത്തു നീയെന്നിൽ നിലാവായ്!

ഭരതമാതിൻ പ്രഭാവം;ലോക-
മാകെപ്പടർന്നു കേൾ കൊണ്ടു;
ചിന്താസരണിയിലെന്നും; ആർഷ-
ഗാഥാക്ഷരങ്ങൾ പകർന്നു!

2.
കാലപ്രവാഹത്തി-
ലൊരു മാത്ര മാത്രമാ-
മീവീർപ്പു പോലെ ഞാ-
നിന്നലെ യാവതും;
വ്യഷ്ടി സമഷ്ടിയിൽ
ലീനമായ്, പൂർണമാ-
യെന്നുമൊരൊന്നായി
നിന്നേ വരൂവെന്നും
ആദ്യമായ് ചൊന്നൂ ഋഷി;
പിന്നെയടിവരയിട്ടു പോൽ
ശാസ്ത്രം;
ഈ സൂക്ഷ്മസ്ഥൂലപ്രപഞ്ചത്തിൽ;
അദൃശ്യമായ്
അവ്യയമമേയമായ്
നീ നിലകൊൾവു;
നിത്യ നിരന്തമേ!
-------------------------------------------------------
സ്വരബിന്ദു 5. ഭാഗം 6.
അറിവ്
ഡോ കെ ജി ബാലകൃഷ്ണൻ
13-3-2016
--------------------------------------------------------




  


          










No comments:

Post a Comment