Wednesday 9 March 2016

സ്വരബിന്ദു ഭാഗം 5
-------------------------------
1.ഭൂമി  9-3-16
-------------------------------
ഉണ്മയായെന്നിലുണരും
സുഗന്ധമാം
വെണ്മ;
നിത്യയെന്നമ്മ;
നിരന്തര.

നിന്നിലൂന്നും
മനസ്സും വപുസ്സും;
കണ്ണിൽ നീയാം
വിളക്കിൻ തെളിച്ചം.

വിണ്ണിൽ നിൻ പാത;
നീ നിനക്കായി
നിന്നിൽ നീ തീർത്ത
സൌന്ദര്യപൂരം!

എന്നിലെപ്പോഴു-
മാനന്ദമായി;
മിന്നി മിന്നിത്തെളിയുന്ന
നാദം;
എന്നിലെച്ചോദ്യ-
ചിഹ്നമായ് വിങ്ങും
സന്നിവേശം
മധുരം വിചിത്രം;
ഉള്ളിൽ നിന്നുമൊഴുകും
സുഗീതം
പള്ളികൊള്ളും
പവിത്രസങ്കേതം!

ആരുമാരു-
മറിയാതെയെന്നിൽ
കാര്യകാരണ-
ദ്വന്ദമായ്ത്തിങ്ങും
വേദസംഗീതധാരാവിശേഷം;
അവ്യയം നിത്യനവ്യം പവിത്രം!

കാലമേറെയായ്
മാമുനിമാരും
കാവ്യസൽക്കലാ-
വല്ലഭന്മാരും
ശാസ്ത്രകോവിദർ
തർക്കവിദഗ്ദ്ധർ
 ചിത്രമെത്രമെനയുന്നു
നീളെ!


2,
എത്രയെത്ര വിദൂഷകവൃന്ദം
സത്യമല്ലെന്നസത്യമോതുന്നു;

കൃത്യമായി സുസത്യമായ് ചിത്തം
നൃത്തമാടുന്നു
പൂർണ-സംപൂജ്യം!
---------------------------------------------------------
സ്വരബിന്ദു ഭാഗം 5.
1. ഭൂമി
ഡോ കെ.ജി.ബാലകൃഷ്ണൻ
10-3-2016
-----------------------------------------------------------


       

   



  

 



No comments:

Post a Comment