Sunday 27 March 2016

സ്വരബിന്ദു 3.
7. ശ്വാസം
------------------------
ഡോ കെ.ജി.ബാലകൃഷ്ണൻ
28-3-2016
---------------------------------------------

ജീവരാഗത്തിന്നാദ്യ-
സ്പന്ദമായ് നീയെന്നുള്ളിൽ
ഭാവഗാനമായ് രൂപഹീന-
ശാശ്വതസത്യം!

നാഭിനാളികയാലെ-
ന്നമ്മതൻ ശ്രുതിശുദ്ധ-
മാഭിജാത്യവും നവം-
നവമായ് മേളിക്കുന്നു!

എങ്ങുനിന്നെപ്പോഴെന്നു-
മറിയാ സുകൃതമായ്-
ത്തിങ്ങുമീ നിരാകാര-
നിത്യസൌന്ദര്യം സത്യം!

വനമാലി തൻ കോല-
ക്കുഴലിൽ സ്വരമായും
ഭുവനത്രയങ്ങളിൽ
നിറയും ജ്യോതിസ്സായും

അഗ്നിയായരുണനി-
ലംഭസ്സായ്പ്പയോധര-
വ്യാപ്തിയിൽ സുഗന്ധമാ-
യുർവിതൻ ഹൃദന്തത്തിൽ!

നാദമായ് നീലവ്യോമ-
സന്നിധാനത്തിൽ പ്രേമ-
ഗീതമായ് സമഷ്ടിയിൽ
സൂത്രമായ് കരണത്തിൽ!

ആദിയുമനന്തവു-
മന്തവുമതിഗോപ്യ-
ഭൂതിയാമാവിഷ്കാര-
മരുളാനാവാ മൌനം

*അറിവാം നവരത്ന-
 ശൂന്യപേടകം തന്നിൽ
നിറവായ്‌ ചിദാനന്ദ-
ധാരയായ്,

അനശ്വര-
ശ്വാസമായ്‌
വിരാജിക്കും
സാരനിർഗ്ഗുണ-
സാരസാരമീ
ചിരം  *ചിത്രം!
-----------------------------------------------
സ്വരബിന്ദു  ഭാഗം 7.
3 ശ്വാസം
28-3-2015
-----------------------------------------------
കുറിപ്പ്
------------------
*ഗുരുദർശനം(ഭാരതീയ ദർശനം) 
 *ഉണ്മ, Infinite Consciousness
---------------------------------------------------


















No comments:

Post a Comment